ദക്ഷിണകന്നഡയിൽനിന്ന് കേരളത്തിലേക്കുള്ള ഗതാഗതം 31 വരെ നിരോധിച്ചു
മംഗളൂരു: ദക്ഷിണ കന്നടയിൽ നിന്ന് കേരളത്തിലേക്കുള്ള വാഹന ഗതാഗതം കർണാടക നിരോധിച്ചു . ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ മാർച്ച് 31 അർധരാത്രി വരെയാണ് നിലവിൽ നിരോധനമെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണർ സിന്ധു ബി രൂപേഷ് പറഞ്ഞു.
കാസർക്കോട് ജില്ലയിൽ വെള്ളിയാഴ്ച ആറ് കോവിഡ് 19 കേസ് സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കർണാടക റോഡ് അടക്കാൻ തീരുമാനിച്ചത്. അടിയന്തര ആവശ്യവുമായി പോകുന്ന വാഹനങ്ങൾ ദേശീയ പാത 66 ലെ തലപ്പാടി വഴി മാത്രമെ കടത്തി വിടൂ. അതും കൃത്യമായ ആരോഗ്യ പരിശോധനക്ക് വിധേയമാക്കി മാത്രമായിരിക്കും കടത്തി വിടുക . ദേശീയ, സംസ്ഥാന പാതയൊഴികെയുള്ള അതിർത്തി റോഡുകളെല്ലാം കേരളം വെള്ളിയാഴ്ച തന്നെ അടച്ചിരുന്നു.