കൊവിഡ് കാസര്‍കോടും എറണാകുളത്തും തിരുവനന്തപുരത്തും കടുത്ത നിയന്ത്രണങ്ങള്‍: ലംഘിച്ചാല്‍ രണ്ടര വര്‍ഷം വരെ തടവു ശിക്ഷ
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് 19 പന്ത്രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ നിയന്ത്രണം. കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. ഗ്രൂപ്പ് ബി,സി,ഡി വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 31 വരെ ഒന്നിടവിട്ട ദിവസം മാത്രം ഓഫീസിലെത്തിയാല്‍ മതി. ആദ്യ ദിനം അവധി ലഭിക്കുന്നവര്‍ അടുത്ത ദിവസം ജോലിക്കെത്തണമെന്നാണ് വ്യവസ്ഥ. അടുത്ത രണ്ട് ശനിയാഴ്ചകള് എല്ലാ വിഭാഗങ്ങള്‍ക്കും അവധിയായിരിക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. ആറ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഇന്ന് മുതല്‍ കുടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകളടക്കം ഉപേക്ഷിക്കാനും ഇന്നലെ തീരുമാനിച്ചിരുന്നു. സ്കൂള്‍ കോളേജ് അധ്യാപകര്‍ക്കും അവധിയായിരിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലടക്കം ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടാകും. വിവാഹം, ചോറൂണ്, ഉദയാസ്തമയപൂജ എന്നിവ ഉണ്ടാകില്ല.
സര്‍ക്കാര്‍ ഓഫിസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കുമാണ് അടച്ചിടുന്നത്. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരത്തും ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് ആളുകള്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയ്ക്ക് അന്‍പതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരരുത്. ജില്ലയില്‍ എവിടെയും ആള്‍ക്കൂട്ടമോ ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലിസിനെ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 225 പേര് വിവിധ ആശുപത്രികളിലാണ്. ഇന്നലെ മാത്രം 56 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.