ജില്ലയിലേക്കുള്ള 12 അതിര്‍ത്തി റോഡുകള്‍ അടച്ചു, അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന പരിശോധന,സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യം
കാസർകോട് :കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചു. അടക്കാത്ത അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മുടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര് ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കല് സുള്ള്യപദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡ് എന്നിവയാണ് പൂര്‍ണമായി അടച്ചത്.
തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല അഡ്യാനടുക്ക റോഡ്, ആദൂര്‍- കൊട്ടിയാടി – സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്, പാണത്തൂര്‍ ചെമ്പേരി മടിക്കേരി റോഡ് എന്നീ അതിര്‍ത്തി േേറാഡുകള് വഴി വരുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ ജില്ലയിലേക്ക് കടത്തി വിടു. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഈ അഞ്ച് റോഡുകള്‍ തുറന്നിടുന്നത്.
ഡോക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് അഞ്ച് അതിര്‍ത്തി റോഡുകളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍ എന്നിവ പരിശോധനാ സ്ഥലത്ത് ഉണ്ടാനവും. പോലീസിനു ക്യാമ്പ് ഷെഡ് ഒരുക്കും. കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പുതിയതായി ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ശ്രമകരമാണെന്നും ഇതിന് പൊതുജനങ്ങളുടെ സഹായവും സഹകരണവും ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു. ഇന്നലെ (മാര്‍ച്ച് 19) കൊറോണ സ്ഥിരീകരിച്ച വ്യക്തി ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കുറെ ആളുകളുമായി ഇടപെഴുകിയിട്ടുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ ഈ വ്യക്തിയുടെ സമ്പര്‍ക്കപട്ടിക പൂര്‍ത്തിയാക്കാന്‍ പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു.