പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തിലെ പ്രമുഖ മാളുകളിലൊന്നായ ഷോപ്പിംഗ് കോംപ്ലക്സില്‍ വന്‍ തീപിടിത്തം. വെളളിയാഴ്ച പുലര്‍ച്ചെയാണ് നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന വന്‍ കെട്ടിട സമുച്ചയത്തിന് തീപിടിച്ചത്. കെട്ടിടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത് .
പയ്യന്നൂരിലെ പ്രമുഖ മാളുകളിലൊന്നാണ് ഷോപ്പിംഗ് കോംപ്ലക്സ്. ഇവിടെ വസ്ത്രാലയം, ഫാന്‍സി കടകള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ചോര്‍ച്ചയാണ് അപകട കാരണമെന്നാണ് അറിയാന്‍ കഴിയുന്നത്.
പയ്യന്നൂര്‍ ഫയര്‍ഫോഴ്സ് മണിക്കൂറുകളുടെ ശ്രമഫലമായാണ് തീയണച്ചത്. മറ്റു കെട്ടിട സമുച്ചയങ്ങള്‍ക്ക് തീപടരാത്തത് വന്‍ അപകടം ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. വേനല്‍ കടുത്തതോടെ കണ്ണൂരില്‍ തീപിടുത്തം വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം മാടായി പാറയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഏക്കര്‍ കണക്കിന് സ്ഥലമാണ് കത്തി നശിച്ചത്. ജില്ലയില്‍ തുടര്‍ച്ചയായി തീപിടുത്തമുണ്ടാകുന്നത് ഫയര്‍ഫോഴ്സിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.