സംസ്ഥാന സർക്കാരിന്റെ 20000 കോടി രൂപയുടെ പാക്കേജിന് പണം എവിടെ നിന്ന് ചോദ്യത്തിനും പരിഹാസത്തിനും മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്
കൊച്ചി:കോറോണാ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പാക്കേജിന് എവിടെ നിന്ന് പണം കണ്ടെത്തും എന്ന ചോദ്യത്തിന് ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
കോറോണാ പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന നടത്തിയ ദിവസം തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ കോവിഡ് 19 പാക്കേജ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി രാജ്യത്തെ നിരാശപ്പെടുത്തുമ്പോൾ, കേരള മുഖ്യമന്ത്രി ജനങ്ങളിൽ പ്രത്യാശയും അതിജീവനത്തിനുള്ള ഊർജവും നിറയ്ക്കുകയാണ്. ഈ രണ്ടു നിലപാടും താരതമ്യപ്പെടുത്തിയായിരുന്നു എൻഡി ടിവിയിൽ ഇന്നലത്തെ ചർച്ച. ടെലഗ്രാഫ് പത്രവും ഇത്തരമൊരു താരതമ്യത്തിന് മുതിർന്നിട്ടുണ്ട്. ധനശേഷിയിൽ കേന്ദ്രമെവിടെ; കേരളം പോലൊരു കൊച്ചുസംസ്ഥാനമെവിടെ? തുകയേക്കാളുപരി രണ്ടുപേരുടെയും സമീപനമാണ് താരതമ്യത്തിന്റെ കേന്ദ്രബിന്ദു.
കൊവിഡ് സാമൂഹ്യവ്യാപനമുണ്ടായാൽ രാജ്യത്ത് അപ്രഖ്യാപിത കർഫ്യൂ അല്ലെങ്കിൽ വ്യാപക ക്വാറന്റൈൻ വേണ്ടിവരും. ഇതുസംബന്ധിച്ച ഒരു ബോധവൽക്കരണമെന്ന നിലയിൽ പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ജനകീയ കർഫ്യൂ പ്രസക്തമാണ്. പക്ഷെ, കാതലായ പ്രശ്നമുണ്ട്. ക്വാറന്റൈനിലാകുന്ന ജനങ്ങൾ എങ്ങനെ ഉപജീവനം നടത്തും? അതിന് ഒരു പ്രതിവിധിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തിക പാക്കേജ് ഉണ്ടാക്കാൻ ധനമന്ത്രി അധ്യക്ഷയായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. അത്രമാത്രം. മുൻകാല അനുഭവം വച്ചാണെങ്കിൽ കോർപ്പറേറ്റ് ടാക്സ് ഇളവ് പോലുള്ള പരിഷ്കാരങ്ങൾക്കായിരിക്കും പ്രാമുഖ്യം. ഇന്നേവരെ ഇന്ത്യയിലെ മാന്ദ്യം ഡിമാന്റിന്റെ ഇടിവുകൊണ്ടാണെന്ന് കേന്ദ്രസർക്കാരിലെ ഒരാളുപോലും സമ്മതിച്ചു തന്നിട്ടില്ല.
കേരളമാണെങ്കിലോ? 20000 കോടി രൂപയുടെ പാക്കേജ് ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രഖ്യാപിച്ചു. ഈ പണം എവിടെനിന്നുകിട്ടും എന്നാണ് വിമർശകർക്ക് അറിയേണ്ടത്. സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം എല്ലാവർക്കും അറിവുള്ളതാണല്ലോ. അപ്പോൾ പണം എവിടെ നിന്ന് എന്നാണ് അറിയേണ്ടത്. ഏതൊരു സർക്കാരിനും ചെയ്യാവുന്ന ലളിതമായൊരു കാര്യമാണ് കേരള സർക്കാർ ചെയ്യുന്നത്. അടുത്ത വർഷത്തേയ്ക്ക് അനുവദിക്കപ്പെട്ട വായ്പയുടെ പകുതിയെങ്കിലും വർഷാരംഭത്തിൽ തന്നെ എടുക്കും. 12 മാസംകൊണ്ട് ചെലവഴിക്കേണ്ട സ്കീമുകളിൽ ജനത്തിന്റെ കൈയിൽ പണം എത്തിക്കാൻ കഴിയുന്ന പലതും ആദ്യ രണ്ടുമാസംകൊണ്ടു തന്നെ നടപ്പിലാക്കും.
ഉദാഹരണത്തിന് ഓണത്തിനാണ് വിശപ്പുരഹിത ഭക്ഷണശാലകൾ തുടക്കാൻ തീരുമാനിച്ചിരിക്കുന്നത്. അവ ഏപ്രിലിൽ തന്നെ തുടങ്ങും. അതുവഴി ജനങ്ങൾക്ക് ഭക്ഷണത്തിന്റെ രൂപത്തിൽ സമാശ്വാസമൊരുക്കും. പെൻഷൻ മുഴുവൻ കുടിശിക തീർത്ത് കൊടുക്കുകയോ അഡ്വാൻസായി കൊടുക്കുകയോ ചെയ്യും. സാമൂഹ്യപെൻഷൻ ഇല്ലാത്ത സാധുക്കൾക്ക് ചെറിയൊരു ധനസഹായം (1000 രൂപ വീതം) പുതിയതായി നൽകും. റേഷൻ സൗജന്യം കൊടുക്കും. കുടുംബശ്രീ വഴി 2000 കോടി രൂപയെങ്കിലും അധികമായി വായ്പ കൊടുക്കും. വർഷം മുഴുവൻ നീളുന്ന അടുത്ത വർഷത്തെ തൊഴിലുറപ്പിന് അനുവദിക്കപ്പെട്ട പ്രവൃത്തി ദിനങ്ങൾ ഏപ്രിൽ-മെയ് മാസത്തിൽ തന്നെ നടത്തും.
ഇങ്ങനെ വളരെ ചിട്ടയോടു കൂടിയ പ്രവർത്തനങ്ങളാണ് കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഏറ്റവും സൂക്ഷ്മതലത്തിൽ വരെ സർക്കാരിന്റെ കണ്ണെടുത്തുന്നുണ്ട്. രോഗപ്രതിരോധം, ചികിത്സ തുടങ്ങിയ കാര്യങ്ങൾ ഏറ്റവും ശാസ്ത്രീയമായും ജാഗ്രതയോടും ആരോഗ്യമേഖലയിലും ചെയ്യുന്നുണ്ട്. സർക്കാർ എന്ന നിലയിൽ ഇവയെല്ലാം ഏകോപിപ്പിക്കുകയും ഉദ്യോഗസ്ഥ, ജനപ്രതിനിധി സംവിധാനങ്ങളെ മുഴുവൻ ഒറ്റ ലക്ഷ്യത്തോടെ ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് പ്രതിസന്ധി ഇത്ര മൂർച്ഛിച്ചിട്ടും കേന്ദ്രസർക്കാരിന് ഇങ്ങനെയൊരു ഭാവനയോടെ ചിന്തിക്കാനാകാത്തത്? തൊഴിലുറപ്പ് ദിനങ്ങൾ 150 ആയും കൂലി നിരക്ക് 50 രൂപയും വർദ്ധിപ്പിക്കാമല്ലോ? വയോജന പെൻഷൻ 300 ൽ നിന്നും 500-600 രൂപയായി ഉയർത്തുകയും സാർവ്വത്രികമാക്കുകയും ചെയ്യാം?
കെട്ടിക്കിടക്കുന്ന അരി മുഴുവൻ പാവങ്ങൾക്ക് നൽകാൻ ആവശ്യപ്പെടുന്ന സംസ്ഥാനങ്ങൾക്ക് അനുവദിക്കാം. സമാനമായ മാന്ദ്യവിരുദ്ധ പാക്കേജുകൾ ലോകമെമ്പാടും രാജ്യങ്ങൾ പ്രഖ്യാപിക്കുകയാണ്. ഇന്ത്യാ സർക്കാർ എന്തിനാണ് അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത്?
സംസ്ഥാനങ്ങൾക്ക് അരശതമാനംകൂടി വായ്പാ പരിധി എന്തുകൊണ്ട് അനുവദിക്കുന്നില്ല? ഇത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കേണ്ട വഴികളെക്കുറിച്ച് പ്രധാനമന്ത്രിയ്ക്കും ധനമന്ത്രിക്കും കേരളം കത്തുകൾ അയച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്റെ സമയം മുഴുവൻ എൻആർസിയെയും പൗരത്വഭേദഗതിയേയും കുറിച്ചാണ്. ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല.
രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ രാജ്യത്തിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരുന്നു. എന്നാൽ ഇതിനൊരു പ്രതിവിധി മുന്നോട്ടുവയ്ക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. ഫലമോ? നാലു മാസത്തിനിടയിൽ മൂന്നുവട്ടം ബജറ്റ് പ്രഖ്യാപനങ്ങൾ തിരുത്തേണ്ടിവന്നു. നാം കണ്ണടച്ചാൽ ഇല്ലാതാകുന്നവയല്ലല്ലോ യാഥാർത്ഥ്യങ്ങൾ. ഇത്തവണത്തെ കേന്ദ്രബജറ്റിലും മാന്ദ്യത്തെക്കുറിച്ച് ഒരു പരാമർശംപോലും ഇല്ല. സ്വാഭാവികമായി ഈ മാന്ദ്യകാലത്ത് ജനങ്ങളെ എങ്ങനെ സഹായിക്കാം? മാന്ദ്യത്തെ എങ്ങനെ പ്രതിരോധിക്കാം? തുടങ്ങിയ കാതലായ പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടു. ഇനി അങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നു വ്യക്തം.
അതേസമയം, കേരള ബജറ്റാവട്ടെ നമ്മളെ തുറിച്ചുനോക്കുന്ന മാന്ദ്യത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനാണ് മുൻഗണന നൽകിയത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പാക്കേജിൽ കൊറോണ പകർച്ചാവ്യാധിമൂലം തൊഴിലില്ലായ്മകൊണ്ട് വലയുന്ന ജനങ്ങളെ സഹായിക്കാനുള്ള പാക്കേജാണ്. അവരുടെ കൈയിൽ പണം കിട്ടുമ്പോൾ കമ്പോളത്തിൽ ചലനമുണ്ടാകും. അത് മാന്ദ്യത്തെ ഒരു പരിധിവരെ പ്രതിരോധിക്കും. അതോടൊപ്പം പകർച്ചാവ്യാധികൾക്കെതിരെയുള്ള സാമൂഹ്യ മുൻകരുതലുകൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല. രണ്ടും ഒരുമിച്ച് കൊണ്ടുപോകണം.