കൊവിഡ് 19 പ്രതിരോധം :സംസ്ഥാനത്ത് പിടിച്ചെടുത്ത ചാരായം കൈകഴുകാനുള്ള സാനിറ്റൈസർ നിർമാണത്തിന് ഉപയോഗിച്ചേക്കും
തിരുവനന്തപുരം : കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ പുതിയ തന്ത്രവുമായി സർക്കാർ ഉടമസ്ഥതയിലുള്ള ഔഷധ നിർമാതാക്കളായ ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്.
സംസ്ഥാനത്ത് പലപ്പോഴായി പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റർ ചാരായം സാനിറ്റൈസർ നിർമ്മാണത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ചെയർമാൻ സിബി ചന്ദ്രബാബു ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ ഇതിനകം സമീപിച്ചുകഴിഞ്ഞു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹാൻഡ് സാനിറ്റൈസറുകൾക്കും സാനിറ്റൈസർ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോപ്രൊപൈൽ ആൽക്കഹോളിനും വില കുത്തനെ വർധിച്ചതോടെയാണ് പുതിയ നീക്കം. “ചാരായം എന്നാൽ എത്തനോളാണ്.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിച്ചത് പ്രകാരം എത്തനോൾ കൊണ്ട് സാനിറ്റൈസർ നിർമിക്കാൻ സാധിക്കും. ലിറ്ററിന് 140 രൂപ ആയിരുന്ന ഐസോപ്രൊപൈൽ ആൽക്കഹോളിന് മുംബൈ ആസ്ഥാനമായ മൊത്ത കച്ചവടക്കാർ 300 രൂപ ആക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.”- ചന്ദ്രബാബു പറഞ്ഞു.