പൊളിക്കലും പുനർനിർമിക്കലും മാത്രം ലക്ഷ്യം , തട്ടുന്നത് ലക്ഷങ്ങൾ ,കാസർകോട് മുനിസിപ്പൽ ബജറ്റിലുള്ളത് ഭരണക്കാർക്കും കരാറുകാർക്കും കയ്യിട്ടുവാരാനുള്ള പദ്ധതികൾ മാത്രം ,രൂക്ഷ വിമർശനവുമായി സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ .
കാസർകോട് :മുസ്ലിം ലീഗ് നഗരസഭാ ഭരണസമിതിയുടെ അവസാന ബജറ്റിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ.. പതിവുപോലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുള്ള ബജറ്റാണ് വൈസ് ചെയർമാൻ അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യവികസനവും കാർഷികരംഗവും സാമൂഹ്യക്ഷേമ–- ആരോഗ്യ മേഖലകളും മെച്ചപ്പെടുത്തുമെന്നാണ് പ്രധാന വാഗ്ദാനം. അടിസ്ഥാന സൗകര്യ വികസനം റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിൽ അവസാനിക്കും. ഇതാകട്ടെ സംസ്ഥാന സർക്കാർ എംഎൽഎമാർക്ക് അനുവദിക്കുന്ന ഫണ്ടിനെ സ്വന്തം അക്കൗണ്ടിലാക്കാനുള്ള നാണംകെട്ട ശ്രമമാണ്.
ഷീ ലോഡ്ജ്, നഗരസഭാ ടൗൺ ഹാൾ നവീകരണം, സന്ധ്യാരാഗംഓപ്പൺ ഓഡിറ്റോറിയത്തിന് മേൽക്കൂര എന്നിവയ്ക്കും തുക വകയിരുതുന്നത് ഈ ബജറ്റിലും തുടരുകയാണ്.. ടൗൺ ഹാൾ നവീകരണത്തിന് വർഷംതോറും ലക്ഷക്കണക്കിന് രൂപയാണ് അനുവദിക്കുന്നത്. വേനൽക്കാലത്ത് നവീകരണവും മഴക്കാലമാകുമ്പോൾ ചോർന്നൊലിച്ച് അറ്റകുറ്റപ്പണിയും നടത്തുന്നതിനാൽ കരാറുകാരുടെയും ഭരണസമിതിയുടെയും ഇതിന് ഒത്താശചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെയും കീശ വീർപ്പിക്കാനുള്ള മാർഗമാണിത്.
ആരോഗ്യരംഗത്ത് വയോജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ വയോമിത്രം പദ്ധതിക്ക് തുക വകയിരുത്തിയിട്ടില്ല. സംസ്ഥാന സർക്കാർ വയോജന ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴാണ് ഇത്തവണ ഇതിനെ അവഗണിച്ചത്. കൃഷി പരിപോഷിപ്പിക്കാൻ അനുവദിച്ചത് 65 ലക്ഷം രൂപ മാത്രം. താളിപ്പടുപ്പ് മൈതാനം മിനി സ്റ്റേഡിയമാക്കുമെന്ന പതിറ്റാണ്ടുകൾ മുമ്പേ പ്രഖ്യാപിച്ച പദ്ധതി ഇത്തവണയുമുണ്ട്.കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിനായി നഗരത്തിൽ കൽപറ്റ മോഡൽ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റിലുണ്ടെങ്കിലും എവിടെയാണെന്ന് പറയുന്നില്ല.ഹനീഫ പറഞ്ഞു.