‘ഷെയിം ഓണ്‍ യൂ’; രഞ്ജന്‍ ഗൊഗോയിയുടെ സത്യപ്രതിജ്ഞയ്ക്കിടെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
നാണംകെട്ട് മുൻ ചീഫ് ജസ്റ്റിസ്
ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു ഗൊഗോയിയുടെ സത്യപ്രതിജ്ഞ.അതേസമയം ഗൊഗോയി രാജ്യസഭയിലെത്തിയപ്പോള്‍ ‘ഷെയിം ഓണ്‍ യൂ’ എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം വരവേറ്റത്. ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോയി. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ തിരിച്ചെത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സഭയിലുണ്ടായിരുന്നു.
രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.
ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിക്കാമെന്നാണ് ഗൊഗോയി പറഞ്ഞത്.