ഒരുമാസത്തെ കെട്ടിട വാടക ഒഴിവാക്കി; കൊറോണ ഭീതിയില്‍ വ്യാപാര തകര്‍ച്ച നേരിടുന്ന എടപ്പാള്‍ നഗരത്തിലെ കച്ചവടക്കാര്‍ക്ക് കൈത്താങ്ങായി ഹമീദ് നടുവട്ടം; കൈയ്യടിച്ച് നാട്ടുകാര്‍
മലപ്പുറം; സംസ്ഥാനം കൊറോണ ഭീതിയില്‍ കഴിയുകയാണ്. പ്രതിരോധ നടപടികളെല്ലാം ഊര്ജിതമാക്കുമ്ബോഴും കൊറോണ ഭീതിയുള്ളതിനാല്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ് ജനങ്ങള്‍. ബസ്സുകളിലെയും ട്രെയിനുകളിലെയും തിരക്ക് കുറഞ്ഞു. ടൗണുകളില്‍ നിന്നെല്ലാം ആളുകള്‍ വീടുകളിലേക്ക് മടങ്ങി. ഷോപ്പിങ് മാളുകളും തിയ്യേറ്ററുകളുമെല്ലാം പലതും അടച്ചു.
ഇതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് വ്യാപാരികളാണ്. കച്ചവടവും കുറഞ്ഞ അവസ്ഥയാണെന്ന് പലരും പറയുന്നു. വ്യാപാര തകര്‍ച്ച നേരിടുന്ന എടപ്പാള്‍ നഗരത്തിലെ കച്ചവടക്കാര്‍ക്ക് ഈ സാഹചര്യത്തില്‍ ആശ്വാസമേകുകയാണ് വ്യാപാരി വ്യവസായി സമിതിയുടെ എടപ്പാള്‍ ഏരിയാ പ്രസിഡന്റ് ഹമീദ് നടുവട്ടം.
എടപ്പാള്‍ നഗരത്തിലെ തന്റെ മൂന്ന് കെട്ടിടങ്ങളിലെയും ഒരു മാസത്തെ വാടക ഒഴിവാക്കി മാതൃകയായിരിക്കുകയാണ് എടപ്പാള്‍ കാലടിത്തറ സിപിഎം ബ്രാഞ്ച് കമ്മിറ്റി മെമ്ബര്‍ കൂടിയായ ഹമീദ്. കച്ചവടം കുറഞ്ഞ വ്യാപാരികള്‍ക്ക് ഹമീദിന്റെ സഹായം ഈ സാഹചര്യത്തില്‍ ഏറെ ആശ്വാസമാണ്.
എടപ്പാള്‍ ടൗണ്‍, നടുവട്ടം,നെല്ലിശ്ശേരി ഭാഗങ്ങളിലായി 3 ഷോപ്പിംഗ് കോംപ്ലക്സാണ് ഇദ്ദേഹത്തിനുള്ളത്. മാസം ഒന്നരലക്ഷം രൂപയാണ് വാടകയായി ലഭിക്കുന്നത്. എന്നാല്‍ വ്യാപാരികളുടെ നിലവിലെ സാഹചര്യം മനസ്സിലാക്കിയ ഹമീദ് ഒരുമാസത്തെ വാടക ഒഴിവാക്കുകയായിരുന്നു. ദുരിതാവസ്ഥയില്‍ കൈത്താങ്ങായ ഹമീദിന് കൈയ്യടിക്കുകയാണ് വ്യാപാരികളും നാട്ടുകാരും.