കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ബി.ജെ.പിയിലേക്ക്; മണിപ്പൂര്‍ വനം മന്ത്രിയോട് ‘നിയമസഭയില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന മണിപ്പൂര്‍ വനംമന്ത്രി ടി. ശ്യാംകുമാറിനെ നീക്കി സുപ്രീം കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമസഭയില്‍ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശ്യാംകുമാര്‍ പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു. ബി.ജെ.പി ശ്യാം കുമാറിന് വനംവകുപ്പ് നല്കി സ്വീകരിക്കുകയും ചെയ്തു.
ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന് സ്പീക്കറോട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
മന്ത്രിസ്ഥാനത്തുനിന്നും നീക്കുന്നെന്നും മാര്‍ച്ച് 30ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നിയമസഭയില്‍ പ്രവേശിക്കരുതെന്നുമാണ് ജസ്റ്റിസ് ആര്.എഫ് നരിമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഭരണ ഘടനയുടെ 142ാം വകുപ്പ് പ്രകാരമുള്ള സവിശേഷാധികാരമുപയോഗിച്ചാണ് നടപടി.മണിപ്പൂരിലെ 13 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന പരാതിയില്‍ 2017 മുതല്‍ സ്പീക്കര്‍ തീരുമാനമൊന്നുമെടുക്കാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നാലാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ജനവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തീരുമാനമെടുക്കാന്‍ മാര്‍ച്ച് 28 വരെ സമയം നല്‍കണമെന്നായിരുന്നു സ്പീക്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനെ മറികടന്നായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം.