വുഹാൻ: ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. മൂവായിരത്തിലധികം ആളുകൾ രോഗം ബാധിച്ച് മരിച്ചു. എൺപതിനായിരത്തിലധികം ആളുകൾക്ക് കൊറോണ ബാധിച്ചു.ചൈനയിൽ നിന്ന് നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തു.ഫലപ്രദമായ വാക്സിൻ കണ്ടെത്താത്തതിനാൽ ഇപ്പോഴും രോഗം പടർന്നു കൊണ്ടിരിക്കുന്നു. എന്നാൽ ഈ സാഹചര്യത്തിൽ വുഹാനിലെ ഇപ്പോഴത്തെ അവസ്ഥയാണ് എല്ലാവരും ആശ്ചര്യത്തോടെ നോക്കുന്നത്. അവിടെ മരണങ്ങൾ കുറഞ്ഞു. പുതുതായി കേസുകളില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ 21 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ അവരിൽ ഒരാൾ പോലും വുഹാനിൽ നിന്നുള്ളവരില്ലെന്നത് തികച്ചും ആശ്വാസകരമായ കാര്യമാണ്.മാർച്ച് അവസാനത്തോടെ കൊറോണയെ പൂർണമായി തുരത്തുമെന്ന ദൃഢനിശ്ചയത്തിലാണ് അധികൃതർ. രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ പത്ത് ദിവസം കൊണ്ടാണ് ഒരേ സമയം ആയിരം പേർക്ക് ചികിത്സ നൽകാവുന്ന ആശുപത്രി ചൈനീസ് സർക്കാർ നിർമിച്ചത്. കൂടുതലാളുകളിലേക്ക് രോഗം പകരാതിരിക്കാൻ സ്കൂളുകളും ഫാക്ടറികളുമൊക്കെ അടച്ചിട്ടു.