കൊവിഡ് 19; മുസ്ലിം ലീഗിന്റെ ആംബുസന്‍സുകള്‍ സൗജന്യ സേവനത്തിന്
കോഴിക്കോട്: കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിന്റെ ആംബുലന്‍സുകള്‍ സൗജന്യ സേവനത്തിനിറങ്ങുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളുടെയും സി.എച്ച് സെന്ററുകളുടെയും കൈവശമുള്ള ആംബുന്സുകളാണ് സൗജന്യ സേവനം നടത്തുക.
മുസ്ലിം ലീഗിന്റെ കുറിപ്പ് :
കോറോണ വ്യാപനം തടയാന്‍ സമര്‍പ്പിത മനസ്സോടെ നാം രംഗത്തിറങ്ങേണ്ട ഘട്ടമാണ്. വ്യക്തികളെന്ന നിലയിലും സംഘടനകളെന്ന നിലയിലും ഈ മഹാമാരിക്കെതിരായ യുദ്ധത്തില്‍ നാം നമ്മളാല്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഇപ്പോള്‍ രോഗ ബാധിതരായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സഞ്ചരിക്കാനും അവരെ ഇടകലരാതെ കൊണ്ട് പോകാനും നിരവധി ആംബുലന്‍സുകള്‍ ആവശ്യമുണ്ടെന്ന് മനസ്സിലാക്കുന്നു. മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളുടെയും സി. എച്ച് സെന്ററുകളുടേയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന് ആംബുലന്‍സുകള്‍ ഈ ഘട്ടത്തില്‍ സൗജന്യ സേവനത്തിനായി രംഗത്തിറങ്ങണം. ആരോഗ്യ വകുപ്പുമായി ചേര്‍ന്നും പൊതു ജന താല്പര്യാര്ത്ഥവും ഈ ഉത്തരവാദിത്തമേറ്റെടുക്കാന്‍ കമ്മിറ്റികള്‍ തയ്യാറാവണം. നമ്മുടെ നാടിനെയും ജനങ്ങളെയും സുരക്ഷിതമാക്കാനുള്ള ഈ യത്നത്തില്‍ നമുക്കൊരുമിച്ച് മുന്നേറാം.