കൊറോണ പ്രതിരോധം: സർക്കാർ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി;മാർഗ നിർദേശങ്ങൾക്ക് വൻ പ്രചരണം നൽകണം
കൊച്ചി:കൊറോണ പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. സർക്കാരിന്റെ സത്യവാങ്ങ് മുലം പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. മുഖാവരണo, സാനിറ്റൈസർ എന്നിവയുടെ പരമാവധി വില ഉടൻ നിശ്ചയിച്ച് സർക്കുലർ ഇറക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി. രോഗ പ്രതിരോധം സംബന്ധിച്ചുള്ള സർക്കാരിന്റെ പ്രതിദിന മാർഗനിർദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് ടെലിവിഷൻ ചാനലുകൾ അടക്കം വൻ പ്രചാരണം നൽകാനും കോടതി ഉത്തരവിൽ നിർദേശിച്ചു.
പ്രതിരോധ നടപടികൾക്ക് ജില്ലകൾക്കായി ദുരന്തനിവാരണ പദ്ധതി തയ്യാറാക്കണമെന്നും പൊതുജനങ്ങൾക്ക് മുഖാവരണങ്ങളും സാനിറ്റൈസറും ആവശ്യത്തിന് ലഭ്യമാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടന ജസ്റ്റീസ് ബ്രിഗേഡ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. രോഗബാധ തടയാൻ സർക്കാർ യഥാസമയം നടപടി എടുക്കുന്നുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു.
മുൻകരുതൽ നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി ഉത്തരവിറക്കി. കൊറോണയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.
രോഗികളുടെ പരിശോധനക്കും സാമ്പിൾ ശേഖരണത്തിനും ഏകാന്തവാസത്തിനും മറ്റുമായി ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 25 ശതമാനം വരെ തുക അനുവദിച്ചു.
ലബോറട്ടറി അടക്കം ചികിൽസാ സൗകര്യങ്ങൾക്കും മാസ്ക്, സാനിറ്റൈസർ എന്നിവയ്ക്കുമായി 10 ശതമാനം വരെ തുക അനുവദിച്ചു.
കേരള മെഡിക്കൽ കോർപറേഷനെ സംഭരണ ഏജൻസിയായി തീരുമാനിച്ച് ഏഴേകാൽ കോടി അനുവദിച്ചു. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോർപ്പറേഷന്റെ 67 ഔട്ട്ലറ്റുകളിലും പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കെ എസ് ഡി പി സാനിറ്റൈസർ നിർമാണം ഊർജിതമാക്കിയിട്ടുണ്ട്. മുന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും നിർമാണത്തിന് അനുമതി നൽകി. സാമഗ്രികളുടെ കരിഞ്ചന്ത ഒഴിവാക്കാൻ ഡ്രഗ്സ് കൺട്രോളർ നടപടി എടുക്കുന്നുണ്ടന്നും സർക്കാർ വ്യക്തമാക്കി.