കൊച്ചി: കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം പ്രതിസന്ധിയിലെന്ന് ഫിലിം ചേംബര്‍. തീയറ്റര്‍ ഉടമകള്‍ക്ക് 6 മാസത്തെ മോറട്ടോറിയം വേണമെന്നും ജിഎസ്ടി അടക്കമുള്ളവ അടക്കാന്‍ 3 മാസത്തെ സാവകാശം അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളുമായി ഫിലിംചേംബര്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.
കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ ഏതാനും ദിവസങ്ങളായി തീയറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. വലിയ തുക വായ്പയെടുത്താണ് പലരും തീയറ്ററുകള്‍ നവീകരിച്ചിരിക്കുന്നത്. ഇഎംഐ അടക്കണമെന്ന സമ്മര്‍ദം ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ട്. അതിനാല്‍ തന്നെ മുഖ്യമന്ത്രി ഇടപെട്ട് 6 മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം. അതോടൊപ്പം ജിഎസ്ടിയുടെയും സാംസ്കാരിക ക്ഷേമനിധിയുടെയും പ്രളയസെസിന്റെയും നികുതി അടക്കുന്നത് മൂന്ന് മാസത്തെ സമയം നല്‍കണം. വൈദ്യുതി ബില്ല് അടക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം വേണം. തീയറ്ററുകള്‍ പൂട്ടിക്കിടക്കുന്ന ഈ കാലയളവിലെ ബില്ലില്‍ നിന്ന് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണം. ലൈസന്‍സ് തീര്‍ന്ന തീയറ്ററുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം നല്‍കണം എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
പ്രസിഡന്റ് കെ വിജയകുമാര്‍, നിര്‍മ്മാതാക്കളായ രഞ്ജിത്ത്, സുരേഷ്കുമാര്‍, അനില്‍ തോമസ് ഷാജി വിശ്വനാഥ് എന്നിവരാണ് മുഖ്യമന്ത്രിയെകാണുന്നത്.