ന്യൂഡല്‍ഹി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ബോര്‍ഡ് പരീക്ഷയില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സിബിഎസ്ഇ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പരീക്ഷാ സെന്ററുകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്താന്‍ സിബിഎസ്ഇ നിര്‍ദേശിച്ചു. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം എന്നത് അടക്കമുളള നിര്‍ദേശങ്ങളാണ് സിബിഎസ്ഇ മുന്നോട്ടുവെച്ചിരിക്കുന്നത്.
പരീക്ഷാഹാളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കുന്നുണ്ട് എന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഈ ക്രമീകരണത്തിന് ആവശ്യമായ സ്ഥലസൗകര്യം പരീക്ഷാ മുറിയില്‍ ഇല്ലെങ്കില്‍ മറ്റൊരു മുറി കൂടി ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പരീക്ഷയുടെ ഇന്‍വിജിലേറ്റര്‍മാര്‍ നിര്‍ബന്ധമായി മാസ്കോ തൂവാലയോ കൊണ്ട് മുഖം മൂടണമെന്നും കണ്ട്രോളര് ഓഫ് എക്സാമിനേഷന് സന്യാം ഭരദ്വാജിന്റെ പേരിലുളള മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.