കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധയെ തടയാൻ കഴിയുമെന്ന അവകാശവാദം ഉന്നയിച്ച് പശുവിന്റെ ചാണകവും ഗോമൂത്രവും വില്‍പ്പനയ്ക്ക് വച്ച പശ്ചിമ ബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പത് വയസ്സുള്ള ഷേക്ക് മാമുദ് അലിയാണ് അറസ്റ്റിലായത്. ഹിന്ദു മഹാസഭയുടെ ഗോമൂത്ര പരിപാടിയാണ് വില്‍പ്പന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് മാമുദ് അലിയുടെ വിശദീകരണം. റോഡരികില്‍ താത്കാലിമായി ഒരു കട കെട്ടിയാണ് അലിവിൽപന നടത്തിയിരുന്നത്. ഗോമൂത്രം ലിറ്ററിന് 500 രൂപയാണ് ഈടാക്കിയിരുന്നത്. അതുപോലെ കിലോ ചാണകത്തിനും സമാനമായ വിലയാണ് ഇട്ടിരുന്നത്.
ഡല്‍ഹിയെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 19 ല്‍ റോഡരികിലായിരുന്നു മാമുദ് അലിയുടെ കട. മാര്‍ച്ച് 14ന് ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഗോമൂത്ര പാര്‍ട്ടിയാണ് ഇത്തരമൊരു കട തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മാമൂദ് അലി പൊലീസിനോട് വിശദീകരിച്ചു. ഗോമൂത്രം കുടിച്ച് കൊറോണ വൈറസിനെ അകറ്റൂ എന്ന പോസ്റ്ററും കടയില്‍ പതിപ്പിച്ചിരുന്നു. രണ്ടു പശുക്കളുടെ പാല് വിറ്റാണ് ഇയാൾ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അതിനിടെയാണ് ഗോമൂത്ര പാര്‍ട്ടി ടെലിവിഷനില്‍ കണ്ടത്. ഇതില്‍ പ്രചോദിതനായ താന്‍ ഗോമൂത്രവും ചാണകവും വിറ്റ് കൂടുതല്‍ ലാഭം ഉണ്ടാക്കാമെന്ന് കരുതിയാണ് കട ആരംഭിച്ചതെന്നും പൊലീസിനോട് വിശദീകരിച്ചു.