മംഗളൂരു: പുസ്തകങ്ങളുടെയും ഗ്രന്ഥാലയങ്ങളുടെയും തോഴൻ ഡോ.ടി.പി. അഹ്മ്മദലി അന്തരിച്ചു.ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 79വയസ്സായിരുന്നു. തെക്കില്‍ ടി.പി. അഹ്മ്മദലി ഫൗണ്ടേഷന് ചെയര്‍മാനായിരുന്നു. ചൊവ്വാഴ്ച രാത്രി ദേര്‍ളകട്ടയിലെ വീട്ടില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ മംഗളൂരുവിലെ യൂണിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കാസര്‍കോട് താലൂക്ക് ബോര്‍ഡ് ലൈബ്രറിയില്‍ ലൈബ്രേറിയനായിരുന്ന തെക്കില്‍ പുതിയ മാളിക മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. പിതാവിന്റെ സ്മരണാര്‍ത്ഥം പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കുകയും ലൈബ്രറികള്‍ക്ക് യഥേഷ്ടം സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത ഡോ. ടി.പി. അഹ്മ്മദലിയുടെ സ്വപ്ന പദ്ധതിയായിരുന്നു കാസര്‍കോട് പുലിക്കുന്നിലെ നഗരസഭാ ലൈബ്രറിയോട് ചേര്‍ന്ന് ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി സ്ഥാപിക്കുക എന്നത്. ഏതാണ്ട് 35 ലക്ഷം രൂപയോളമാണ് അദ്ദേഹം തന്റെ പോക്കറ്റില്‍ നിന്ന് ഇതിന് വേണ്ടി ചെലവഴിച്ചത്. 2020 ഫെബ്രുവരി 26നാണ് പ്രശസ്ത കഥാകാരന് ടി. പത്മനാഭനെ കൊണ്ട് വന്ന് ലൈബ്രറിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 1970 മുതല്‍ 87 വരെ ദുബായിലെ ഗല്ദാരി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കോര്‍പ്പറേറ്റ് ഫിനാന്‍സ് ഡയറക്ടറായി ജനീവയില്‍ പ്രവര്‍ത്തിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായുളള യുണൈറ്റഡ് ഡാറ്റ ബേസ് ഇന്ത്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ടെലി ഡയറക്ട് ഇന്‍ഫോര്‍മാറ്റിക് ഇന്ത്യ ലിമിറ്റഡ് ചെയര്മാന് എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1996 മുതല്‍ 99 വരെ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള റീഡ് എല്സ്വിയര് ഇന്ത്യാലിമിറ്റഡ് ചെയര്‍മാനായിരുന്നു. തെക്കില്‍ സ്വദേശിയായ ഡോ. ടി.പി. അഹ്മ്മദലി ദീര്‍ഘകാലമായി മംഗളൂരു ദേര്ളകട്ടയിലാണ് താമസം. തെക്കില്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തിന് വേണ്ടിയും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തെക്കില്‍ ഗവ. യു.പി. സ്കൂളിലെ നൂറാം വാര്‍ഷിക ആഘോഷത്തിനുള്ള ഒരുക്കങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ആകസ്മികമായ വേര്‍പാട്. ഭാര്യ: ആയിഷ അബ്ദുല്ല വലിയപീടിക. മക്കള്‍: അഫീഫ അലി തെക്കില്‍, പരേതനായ ആബിദ് അലി തെക്കില്‍. ദേര്‍ളകട്ടയിലെ വീട്ടില്എത്തിച്ച മയ്യത്ത് ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ഖബറടക്കും.