ന്യൂദൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഇന്നലെ തന്നെ ആരാച്ചാര്‍ പവന് കുമാര്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നല്കിയ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും.ഈ മാസം 20 നാണ് നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കേണ്ടത്. വൈകീട്ട് അരാച്ചാര്‍ പവന് കുമാര്‍ ജയിലില്‍ എത്തിയതോടെ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നല്കിയ ഹര്‍ജി ഇന്നലെ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു.
അതിനെതിരെയാണ് മുകേഷ് സിംഗ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷക്കെതിരെ മുകേഷ് സിംഗിന്റെ രക്ഷിതാക്കള്‍ നല്കിയ അപേക്ഷ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്നലെ തള്ളി. ശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ നിയമപരമായ അവസാന സാധ്യതകളും തേടുകയാണ് നാലുപേരും. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ്ഠാക്കൂറും പവന് ഗുപ്തയും വിനയ് ശര്‍മ്മയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലെ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും.