കാസർകോട് :കൊറോണ വൈറസ് വ്യാപന ഭീതി മുതലാക്കി അരങ്ങുതകർക്കാൻ കച്ചകെട്ടിയിറങ്ങിയ ജില്ലയിലെ മുഴുവൻ അന്ധവിശ്വാസ പ്രചാരകരെയും ഇതിന്റെ പിണിയാളുകളെയും നിരീക്ഷിച്ച് കർശന നടപടിയെടുക്കാൻ ജില്ലാഭരണകൂടം തയ്യാറെടുക്കുന്നു.ജ്യോതിഷ്യത്തിന്റെ മറവിൽ കൺകെട്ടും ദുര്‍മന്ത്രവാദങ്ങളും ആഭിചാരക്രിയകളും അടുത്ത ദിവസങ്ങളിൽ ജില്ലയിൽ പ്രത്യേകിച്ച് കാസർകോട് മഞ്ചേശ്വരം താലൂക്കുകളിൽ പെരുകിയതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.കാവുകളും തെയ്യാട്ട സ്ഥാനങ്ങളും മതഭേദമില്ലാതെ ആരാധനാലയങ്ങളും കേന്ദ്രീകരിച്ചാണ് ദൈവകോപം പ്രചരിപ്പിച്ചും ഭീതി ഇളക്കിവിട്ടും ചില ജ്യോതിഷികളും ആത്മീയ പ്രവാചകരും പ്രവർത്തിക്കുന്നത്.കൊറോണയെ തുടർന്ന് പൊതുയിടങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്ന ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശം അട്ടിമറിക്കാൻ ചില ജ്യോതിഷികൾ ദൈവകോപത്തിന്റെ ഭീതിപ്പെടുത്തുന്ന കാർഡുകൾ ഇറക്കിവരികയാണ്. കൊറോണയൊന്നും പ്രശ്നമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ദേവസ്ഥാനങ്ങളിലെ ചടങ്ങുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ദൈവകോപംമൂലം നാടുമുടിയുമെന്നാണ് ചില ജ്യോതിഷികളുടെ മുന്നറിയിപ്പ് .ഇതിൽ ഭയചകിതരായി ക്ഷേത്രകമ്മിറ്റിക്കാർ വീഴുകയാണ് പലപ്പോഴും ചെയ്യുന്നത്.ചില തറവാട്ട് മുഖ്യന്മാരും ഇവരുടെ താളത്തിനൊത്ത് തുള്ളുന്ന പരിതാവസ്ഥയും കണ്ടുവരുന്നുണ്ട്.സാമൂഹ്യ വിരുദ്ധവും ആശാസ്യമല്ലാത്തതും അശ്ലീലവുമായ ഇത്തരം അന്ധവിശ്വാസ പ്രവണതകൾക്കെതിരെ നിരവധി പരാതികൾ ഈ കൊറോണക്കാലത്ത് ജില്ലാ അധികൃതർക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ട്.ഇതേത്തുടർന്നാണ് പ്രശ്നക്കാരായ ജ്യോതിഷികളെയും ദുര്‍മന്ത്രവാദികളെയും മുറിവൈദ്യന്മാരെയും വ്യാജ സിദ്ധന്മാരെയും കർശനമായി നിരീക്ഷിക്കാൻ ജില്ലാ ഭരണകൂടം നീങ്ങുന്നത്.അതേസമയം കൊറോണ വ്യാപന ഭീതി അതിജീവിക്കാനുള്ള പ്രചാരണവുമായി ജനങ്ങളിൽ വ്യാപകമായ ശാസ്ത്രാവബോധ പ്രചാരണം അനിവാര്യമായ ഘട്ടമാണിതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.