തിരുവനന്തപുരം: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അടയ്ക്കില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകളില് വലിയ ക്യൂ വരുന്നത് ഒഴിവാക്കുന്ന തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷ ജീവനക്കാരെ നിയോഗിക്കും. ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്ക്കുന്നവര് കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി നിരവധി പ്രമുഖര്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ താത്കാലികമായി അടയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരുടെ സംഘടനയും സുരക്ഷ മുന്‍നിര്‍ത്തി ഇത്തരമൊരു തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു.