ഹവാന: കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ കരീബിയന്‍ കടലില്‍ വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുവാദം നല്കി ക്യൂബ.എം.എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് കപ്പലിനാണ് ക്യൂബന്‍ വിദേശ കാര്യമന്ത്രാലയം അനുമതി നല്‍കിയത്. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ക്യൂബ കപ്പലിന് കരയ്ക്കടുപ്പിക്കാന്‍ അനുമതി നല്‍കിയത്. ആറോളം യാത്രക്കാര്‍ക്കാണ് കപ്പലില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച യാത്രക്കാരെ ക്യൂബന്‍ തീരത്തു നിന്നും വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോവാനാണ് തീരുമാനിച്ചിരിക്കുന്നത്.
600 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ബ്രിട്ടീഷുകാരാണ്. രണ്ടു ദിവസമായി ഈ കപ്പല്‍ കരയ്ക്കടുപ്പിനാവാതെ കടലിലായിരുന്നു. കൊവിഡ് ഭീതി കാരണം കപ്പലിനെ കരയ്ക്കടുപ്പിക്കാന്‍ ഒരു രാജ്യവും അനുമതി നല്‍കിയിരുന്നില്ല.ആരോഗ്യം മനുഷ്യാവകാശമാണെന്നും പൊതു വെല്ലുവിളികളെ നേരിടാന്‍ വേണ്ടി മാനവിക മൂല്യങ്ങള്‍ ദൃഢമാക്കേണ്ട സമയമാണിതെന്നാണ് ക്യൂബന്‍ മന്ത്രാലയം ഈ നടപടിക്ക് നല്‍കിയിരിക്കുന്ന വിശദീകരണം.
‘ആരോഗ്യം മനുഷ്യാവകാശമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് ഐക്യദാര്‍ഡ്യം കാണിക്കേണ്ട ചില സമയമുണ്ടാകും. പൊതു വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ ജനതയുടെ വിപ്ലവ മൂല്യങ്ങളില്‍ അന്തര്‍ലീനമായ മാനുഷിക പരിഗണനകളെ പ്രയോഗത്തില്‍ വരുത്തേണ്ട സമയമാണിത്,’ ക്യൂബന്‍ വിദേശ കാര്യമന്ത്രാലയം ഇത് സംബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ക്യൂബയില്‍ ഇതുവരെ നാലു കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേര് നിരീക്ഷണത്തിലാണ്.