പൗരത്വ നിയമം മറയാക്കി ജമാഅത്തെ ഇസ്ലാമിയെ വെളുപ്പിച്ചെടുക്കാന്‍ നോക്കേണ്ട:ദേശാഭിമാനിയിൽ തുറന്നെഴുതി മന്ത്രി കെ ടി ജലീല്‍
കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവിൽ ജമാഅത്തെ ഇസ്ലാമിയേയും അതിന്റെ ഉപഗ്രഹ സംഘടനകളേയും വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തിനെതിരെ മുന്നറിയിപ്പുമായി മന്ത്രി കെ ടി ജലീല്‍. ഒരുകാലത്ത് അവരെ നിശിതമായി വിമർശിക്കുകയും സമുദായത്തിന്റെ പൊതുധാരയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്ന കേരളത്തിലെ ചില വലതുപക്ഷ സംഘടനകളാണ് ഈ വെളുപ്പിച്ചെടുക്കല്‍ ശ്രമത്തില്‍ ഏര്പ്പെട്ടിരിയ്ക്കുന്നതെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ജലീല്‍ ചൂണ്ടിക്കാട്ടി.
”സംഘപരിവാർ ഫാസിസം ഹിന്ദുത്വരാഷ്ട്രവാദം ഉയർത്തി കലാപാഗ്നി പടർത്തുമ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര കാഴ്ചപ്പാട് എങ്ങിനെയാണ് അലിഞ്ഞില്ലാതാവുന്നത്? ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് ആർഎസ്എസ് സ്വീകരിച്ച നിലപാടിനോട് സമാനമായ സമീപനം കൈകൊണ്ട ജമാഅത്തെ ഇസ്ലാമിയുടെ കാപട്യം എങ്ങിനെയാണ് ചരിത്രത്തിന്റെ ഭാഗമല്ലാതാവുക? ബ്രിട്ടീഷ് വിരുദ്ധസമരത്തിൽ പങ്കാളികളായതിന്റെ പേരിൽ ആർഎസ്എസ് നേതാക്കളാരും ജയിൽ വാസമുൾപ്പടെ ഒരു ശിക്ഷയും അനുഭവിച്ചിട്ടില്ലെങ്കിൽ അതേ ഇന്നലെകളാണ് മൗലാനാ മൗദൂദി ഉൾപ്പടെയുള്ള ജാഅത്തെ ഇസ്ലാമിക്കുമുള്ളത്. മറിച്ചാണ് വസ്തുതയെങ്കിൽ ഇരു സംഘങ്ങളിലെയും നേതാക്കളോ പ്രവർത്തകരോ സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊണ്ടതിന്റെ പേരിൽ അനുഭവിച്ച ത്യാഗത്തിന്റെ കഥകൾ എന്നോ നാട്ടിൽ പാട്ടാകുമായിരുന്നു. അവരിലെ രക്തസാക്ഷികൾ ദിനേനെയെന്നോണം മാലോകരെല്ലാം കേൾക്കേ അനുസ്മരിക്കപ്പെടുമായിരുന്നു.”-ജലീല്‍ പറയുന്നു.
സിഎഎ വിരുദ്ധ സമരങ്ങളിൽ ജമാഅത്തെ ഇസ്ലാമി ചേർത്തു നിർത്തപ്പെടുമ്പോൾ യഥാർത്ഥത്തിൽ ദുർബലമാകുന്നത് ഒരു വലിയ ജനകീയമുന്നേറ്റത്തിന്റെ അടിത്തറ തന്നെയാണെന്ന് തിരിച്ചറിയാൻ ഇനിയും സമയം വൈകിയാൽ അതുകൊണ്ട് കരുത്താർജ്ജിക്കുക അതിതീവ്ര ഹിന്ദുത്വ ശക്തികളാണെന്നും ജലീല്‍ പറയുന്നു. യുഡിഎഫ് ഏതെങ്കിലും മതരാഷ്ട്രവാദികളുമായി ചങ്ങാത്തം കൂടുന്നതും അവർക്ക് പൊതുസ്വീകാര്യത നേടിക്കൊടുക്കാൻ ഒരുമ്പെടുന്നതും അവരുടെ തന്നെ മതനിരപേക്ഷ മുഖമാണ് വികൃതമാക്കുക-ലേഖനത്തില്‍ വ്യക്തമാക്കി.