കാസർകോട്: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ കൂടുതല്‍ പേരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ സജിത്ത്ബാബു. ഇയാള്‍ ഇടപഴകിയവരെ തിരിച്ചറിഞ്ഞു റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
വിദേശത്തു നിന്നും എത്തിയ രോഗിയോട് നിരീക്ഷണത്തില്‍ കഴിയാനും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും വീട്ടില്‍ നിരീക്ഷണത്തില്‍ കിടക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇന്നലെ പരിശോധന ഫലം വന്നു കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
ജനറല്‍ ആശുപത്രിയിലെത്തും മുന്‍പ് ഇയാള്‍ രണ്ട് സ്വകാര്യ ആശുപത്രികളിലെത്തി പനിക്ക് ചികിത്സ തേടിയിരുന്നു. ഒരു ആശുപത്രിയില്‍ വച്ച് രക്തപരിശോധന നടത്തുകയും മറ്റൊരു ആശുപത്രിയിലെ കാന്റീനില്‍ കേറി ഭക്ഷണം കഴിക്കുകയും ചെയ്തു. മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ഇയാള്‍ അവിടെ നിന്നും മൂന്ന് ബന്ധുക്കളുടെ കൂടെയാണ് വീട്ടിലേക്ക് വന്നത്. ഈ ബന്ധുക്കളെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം കൊവിഡ് പ്രതിരോധത്തിനായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സ്വീകരിക്കുന്ന പ്രതിരോധ നടപടികളോട് സഹകരിക്കണമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സജിത്ത് ബാബു ആവശ്യപ്പെട്ടു. അന്‍പതില്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം.
കാസര്‍ഗോഡ് ജില്ലയിലെ കൂടുതല്‍ പ്രവാസികളും ദുബായില്‍ നിന്നുമാണ് വരുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ നൂറുകണക്കിന് പേരാണ് ദുബായില്‍ നിന്നും ജില്ലയില്‍ എത്തിയത്. ഇതു കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിദേശത്തു നിന്നും വരുന്ന എല്ലാ പ്രവാസികളും ജില്ലാ ആശുപത്രികളിലോ താലൂക്ക് ആശുപത്രികളിലോ ഹാജരായി ആരോഗ്യനില പരിശോധിക്കണമെന്നും തുടര്‍ന്ന് 14 ദിവസം വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ തുടരണമെന്നും കളക്ടര്‍ പറയുന്നു. അതേസമയം കാസര്‍ഗോഡ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഒരാള്‍ ബ്രസീല്‍ പൗരനാണെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് രോഗലക്ഷങ്ങള്‍ ഒന്നുമില്ല.