ജനീവ: കൊവിഡ്-19 ലോക വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന. പരിശോധനയും, ഐസൊലേഷനും, സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരെ കണ്ടെത്തലുമാണ് കൊവിഡ്-19 നെ പ്രതിരോധിക്കാന്‍ അടിസ്ഥാനമായി ചെയ്യേണ്ടതെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനം പറയുന്നത്.
‘ആര്‍ക്കൊക്കെയാണ് രോഗബാധയുണ്ടായത് എന്നറിയാതെ നമുക്ക് ഈ മഹാമാരിയെ തടയാനാവില്ല. എല്ലാ രാജ്യങ്ങള്‍ക്കും ഉള്ള ഞങ്ങളുടെ നിര്‍ദ്ദേശം ഇതാണ്. പരിശോധന, പരിശോധന, പരിശോധന, സംശയമുള്ള കേസുകള്‍ പരിശോധിക്കുക,’
കൊവിഡ്-19 ടെസ്റ്റിംഗ് കിറ്റിന് ആവശ്യക്കാരേറെയുണ്ടെന്നും 120 രാജ്യങ്ങള്‍ക്കായി 1.5 മില്യണ്‍ ടെസ്റ്റിംഗ് കിറ്റ് വിതരണം ചെയ്തെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ജനീവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നും ടെഡ്രോസ്.
‘ഇത് ഗൗരവമേറിയ രോഗമാണ്. 60 വയസ്സു കഴിഞ്ഞവര്‍ക്കാണ് അപകട സാധ്യത എന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും കുട്ടികളുള്‍പ്പെടെ പ്രായം കുറഞ്ഞവരും മരിച്ചിട്ടുണ്ട്,’ ടെഡ്രോസ് പറഞ്ഞു.
കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞിരിക്കുകയാണ്. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം ആയി.