തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാന്‍ ഇനി മാസ്ക് കിട്ടാനില്ലെന്ന വിഷമംവേണ്ട. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുണി മാസ്കുകള്‍ റെഡി. കൊറോണ വൈറസ് ഭീതി വ്യാപിച്ചതോടെ സംസ്ഥാനത്ത് മാസ്കുകള്‍ക്ക് വലിയ തോതില്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു. മാസ്കിന് ആവശ്യക്കാരേറിയപ്പോള്‍ വിലയും കൂടി. പലയിടത്തും പല വിലയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജയിലുകളില്‍ മാസ്ക് നിര്‍മ്മാണം ആരംഭിച്ചത്.
ജയിലില്‍ രണ്ടു ദിവസം കൊണ്ട് 2000 ത്തോളം മാസ്കുകളാണ് തയ്യാറാക്കിയത്. രാവും പകലുമായി ജയിലിലെ 20 ഒാളം അന്തേവാസികളുടെ കഠിനശ്രമത്തിന്റെ ഫലമാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്രത്തോളം ഉണ്ടാക്കാന്‍ സാധിച്ചത്. രണ്ടു കളറുകളിലായി ടൂ ബൈ തുണികള്‍ ഉപയോഗിച്ചാണ് മാസ്കുകള്‍ തയ്യാറാക്കുന്നത്. ഒരുമീറ്റര്‍ തുണി കൊണ്ട് 10 ഒാളം മാസ്കുകള്‍ നിര്‍മ്മിക്കും.
കൂടാതെ രണ്ടു ലെയറുകളിലായി വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് മാസ്കുകള്‍. ഇവയ്ക്ക് 10 രൂപയില്‍ താഴെയായിരിക്കും വിലയെന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണ മേഖല ഡി.ഐ.ജി അജയകുമാര്‍, ജയില്‍ ജോയിന്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജ്ജ്, ബി.സുനില്‍ കുമാര്‍, എഡിസ്റ്റര് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് മാസ്കുകള്‍ തയ്യാറാക്കുന്നത്. മാസ്ക് നിര്‍മ്മാണം ആരംഭിച്ചതോടെ ജയിലിലെ മറ്റ് തയ്യല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിറുത്തിവച്ചു. കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളിലും മാസ്ക് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തികരിച്ച മാസ്കുകള്‍ ആവശ്യാനുസരണം ആരോഗ്യവകുപ്പിന് കൈമാറും.