കൊല്‍ക്കത്ത: രാജ്യം കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്ബോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവും ആശങ്കയിലാണ്. രോഗഭീതിയെ തുടര്‍ന്ന് ആളുകള്‍ ശാരീരികമായി അടുത്തിടപഴകാന്‍ ഭയക്കുന്നതിനാല്‍ ഇടപാടുകാരുടെ എണ്ണം കുത്തനെ കുറഞ്ഞതെന്ന് കൊല്‍ക്കത്തയിലെ ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ ഡിഎംഎസ്എസിന്റെ അധ്യക്ഷ ബിഷാഖ പറഞ്ഞു.
കൊല്‍ക്കത്തയിലെ സോനാഗാച്ചിയില്‍ ദിവസേന മുപ്പതിനായിരത്തിലേറെ പേര് വന്നിരുന്നതിന്റെ സ്ഥാനത്ത് ഇപ്പോള്‍ പതിനായിരത്തില്‍ താഴെ ഇടപാടുകാര്‍ മാത്രമായി താഴ്ന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധ കാരണം ചില തൊഴിലാളികള്‍ മാറിനില്‍ക്കുന്നതും ഇടപാടുകാരുടെ എണ്ണം കുറയാന്‍ കാരണമായെന്ന് ബിഷാഖ കൂട്ടിച്ചേര്‍ത്തു. ഭീതി മൂലം കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആരെയും ലൈംഗികത്തൊഴിലാളികളും അടുപ്പിക്കുന്നില്ലെന്നും അവര്‍ പറയുന്നു. സംസ്ഥാനത്ത് പലയിടത്തും രോഗം സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇടപാടുകാരെ സ്വീകരിക്കുന്നില്ലെന്ന് തെരുവിലെ ഒരു ലൈംഗികത്തൊഴിലാളിയും പറഞ്ഞു.
അതേസമയം, രോഗത്തെ പ്രതിരോധിക്കാനുള്ള അവശ്യവസ്തുക്കള്‍ മേഖലയില്‍ കുറവാണെന്ന് സംഘടനയുടെ ലെയ്സണ്‍ ഓഫീസറായ മഹാശ്വേത മുഖര്‍ജി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ഡിഎംഎസ്എസിന്റെ ആഭിമുഖ്യത്തില്‍ സോനാഗാച്ചിയില്‍ ബോധവത്കരണ ക്യാമ്ബയിനുകള്‍ സംഘടിപ്പിച്ചിരുന്നു.