കൊച്ചി: വാളയാർ കേസില്‍ വെറുതെവിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ നിർദേശം. അറസ്റ്റ് ചെയ്ത ശേഷം പ്രതികളെ വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം. വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാരും കുട്ടികളുടെ അമ്മയും സമർപ്പിച്ച അപ്പീലിൽ ആണ് ഹൈക്കോടതി നിർദേശം. പ്രതികളെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതി ആറ് കേസുകളിലായി നാല് പ്രതികളെയാണ് വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ പോലും പരിഗണിക്കാതെയാണ് വിചാരണ കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അപ്പീൽ. വാളയാറിൽ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.