കൊറോണക്കെതിരേ കൈ കഴുകൂ; ബ്രേക്ക് ദ ചെയിന്‍ ജില്ലയിലും തരംഗമാവുന്നു
ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന് ജില്ലയിലും പ്രചാരമേറുന്നു. കൊറോണ വൈറസ് വ്യാപനം തടയാന്‍ ജില്ലയിലുടനീളം കൈകഴുകല്‍ ക്യാമ്പയിനുകള്‍ ആരംഭിച്ചു
കാസർകോട് : സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന് ജില്ലയിലും പ്രചാരമേറുന്നു. കൊറോണ വൈറസ് വ്യാപനം തടയാന്‍ ജില്ലയിലുടനീളം കൈകഴുകല്‍ ക്യാമ്പയിനുകള്‍ ആരംഭിച്ചു. കുട്ടികളും മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേരാണ് ഇതിനകം തന്നെ നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് മുന്നോട്ട് വന്നിട്ടുള്ളത്. ബ്രേക്ക് ദ ചെയിന്‍ എന്ന ഹാഷ്ടാഗില് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരും പൊതുജനങ്ങളും സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഈ സൗകര്യം പ്രയോജനപ്പെടുത്തി കൈകഴുകിയെന്ന് ഉറപ്പു വരുത്തിയാണ് ക്യാമ്പയിനിന്റെ ഭാഗമായത്