തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹരജി കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് കോട്ടയം അഡീഷണല്‍ സെഷന് കോടതി വിധിച്ചു. രഹസ്യ വിചാരണയില്‍ കോടതി പിന്നീട് വിധി പറയും.
കന്യസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി ഫ്രാങ്കോ മുളയ്ക്കല്‍ ഒന്നര മാസം മുന്‍പ് ഹരജി നല്‍കിയിരുന്നു.
ഇരുവിഭാഗങ്ങളുടെയും വാദം കേട്ട കോടതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകള്‍ ഉണ്ടെന്നും വിചാരണ നേരിടണമെന്നും വിധിക്കുകയായിരുന്നു.ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന് ഹോമിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി.
ഫ്രാങ്കോ തന്നെയും ലൈംഗികമായി ആക്രമിച്ചെന്ന് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.മഠത്തില്‍ വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മൊഴി. എന്നാല്‍ മൊഴിയില്‍ ബിഷപ്പിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണ കേസില്‍ 80 ഓളം കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതില്‍ 14ാംസാക്ഷിയായ കന്യാസ്ത്രീയാണ് അതിഗുരുതരമായ ആരോപണം ബിഷപ്പിനെതിരെ ഉന്നയിച്ചത്. എന്നാല്‍ ഇത്തരമൊരു സാക്ഷിമൊഴി മറ്റൊരു എഫ്.ഐ.ആര് ആയി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താതെ അത് സാക്ഷിമൊഴിയായി കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു പൊലീസ്.