തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ ഡോക്ടര്‍ ജോലി ചെയ്യുന്ന ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത. ആറ് വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.വളരെ ഗൗരവമായാണ് വിഷയം ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. അടിയന്തരമായ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്.
സ്പെയിനില്‍ നിന്നും മാര്‍ച്ച് 2ാം തിയതിയാണ് ഡോക്ടര്‍ തിരികെയെത്തിയത്. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തതിനാലും കൊവിഡ് ബാധിത രാജ്യങ്ങളില്‍ സ്പെയിന് ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും അദ്ദേഹത്തോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നില്ല.
എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന് മരിച്ചു; ശവസംസ്ക്കാരമടക്കം പ്രോട്ടോക്കോള്‍ പ്രകാരം നടത്താന്‍ ആലോചന എന്നാല്‍ മാര്‍ച്ച് എട്ടിന് തൊണ്ടയില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വിഷയം മറ്റുള്ളവരെ അറിയിക്കുകയും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ മാര്‍ച്ച് 10,11 തിയതികളില്‍ ഇദ്ദേഹം മാസ്ക് ധരിച്ച് ഒ.പിയില്‍ രോഗികളെ പരിശോധിക്കുകയും ഡോക്ടര്‍മാരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 13 നാണ് ഡോക്ടറുടെ സാമ്പിള്‍ എടുത്ത് പരിശോധിക്കുന്നത്. ഇതിന് ശേഷം പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്.
മറ്റ് ഡോക്ടര്‍മാരുമായി സംസാരിക്കുകയും രോഗികളുമായി അടുത്ത് ഇടപഴകുകയും ചെയ്തതിനാല്‍ എന്തെല്ലാം രീതിയിലുള്ള നടപടികള്‍ കൈക്കൊള്ളണമെന്നതില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. അതിന് ശേഷം മാത്രമേ സമ്പര്‍ക്ക പട്ടിക ഉള്‍പ്പടെ പുറത്തുവിടുകയുള്ളൂ.
നിലവില്‍ ആറ് വിഭാഗങ്ങളിലായുള്ള ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആശുപത്രിയില്‍ പ്രധാനപ്പെട്ട ശസ്ത്രക്രിയകള്‍ മുടങ്ങില്ലെങ്കിലും ഒ.പിയില്‍ നിയന്ത്രണങ്ങളുണ്ടാകും.
നിലവില്‍ തിരുവനന്തപുരത്ത് 1449 ആളുകള്‍ നിരീക്ഷണത്തിലുണ്ട്. 43 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അതേസമയം ഇറ്റാലിയന്‍ പൗരനുമായി ബന്ധപ്പെട്ട സമ്പര്‍ക്കപ്പട്ടികയില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.ഇദ്ദേഹവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കേണ്ടതുണ്ട്. അപൂര്‍ണമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നതിനാല്‍ ഇതും വെല്ലുവിളിയാണ്.വളരെ ഗൗരവമുള്ള കാര്യമാണ് ഇതെന്നും മെഡിക്കള്‍ സ്റ്റാഫ് ആണെങ്കിലും ആരാണെങ്കിലും കോണ്ടാക്ട് ലിസ്റ്റ് ചെയ്ത് നിരീക്ഷണം ശക്തമാക്കുക എന്നതാണ് ഇനി ചെയ്യേണ്ടതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കൊവിഡ് കണ്ട്രോള് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ എസ്. ഫെറ്റില്‍ പ്രതികരിച്ചു.
കൂടുതല്‍ രാജ്യങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ യാത്ര ചെയ്തുവരുന്ന എല്ലാവരേയും നിരീക്ഷണത്തിന് വയ്ക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്ന് ഡോക്. ശ്രീജിത് എന്‍. കുമാര്‍ പ്രതികരിച്ചു.
സമൂഹത്തില്‍ ഒരു തട്ടിലുള്ളവര്‍ക്ക് എല്ലാ വിവരവും ലഭിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് ലഭിക്കുന്നില്ല. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ എല്ലാം ഐസൊലേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. രോഗം ഉള്ളവര്‍ക്ക് മാത്രമായി ആശുപത്രി ലഭ്യമാക്കി ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റേണ്ടിയിരിക്കുന്നു. അക്കാര്യം ആഭ്യന്തരവകുപ്പോ മറ്റോ ഏറ്റെടുക്കണം. കൂടുതല്‍ ബൃഹത്തായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.