നികുതി ഒടുക്കാതെ സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങള്‍ ജപ്തിയുമായി നഗരസഭ
ജില്ലാ പോലീസ് മേധാവിയുടെ കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു ലക്ഷങ്ങളുടെ കുടിശ്ശിക
കാസര്‍കോട്:നികുതി ഒടുക്കാതെ ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തിയ ജില്ലാപോലീസ് മേധാവിയുടെ ഔദ്യോഗിക കെട്ടിടം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ജപ്തി നടപടിയുമായി കാസര്‍കോട് നഗരസഭ.നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദ്യം ഡിമാന്‍ഡും പിന്നീട് കുടിശ്ശിക നോട്ടീസ് അയച്ചിട്ടും മറുപടി നല്‍കാത്ത സ്ഥാപനങ്ങളാണ് ജപ്തി ചെയ്യുന്നത്.ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായതായും ജപ്തി നടപടികള്‍ അടുത്താഴ്ച്ചയോടെ ആരംഭിക്കുമെന്ന് നഗരസഭാ റവന്യൂ ഓഫീസര്‍ എം.വി.റംസി ഇസ്മയില്‍ അറിയിച്ചു.ജില്ലാ പോലീസ് മേധാവിയുടെ പേരിലുള്ള കെട്ടിടം.കാസര്‍കോട് സര്‍ക്കിള്‍ പോലീസ് സ്റ്റേഷന്,റസ്റ്റ് ഹൗസ് ഉള്‍പ്പെടുന്ന കാസര്‍കോട് പൊതുമരാമത്ത് കോംപ്ലക്സ്,വിദ്യാനഗറിലെ സിഡ്കോ,ഫയര്സ്റ്റേഷന്,വാട്ടര്‍ അതോറിറ്റി,അഗ്രികള്‍ച്ചറല്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ 25 ലക്ഷം രൂപയാണ് നികുതി കുടിശ്ശിക നല്‍കാനുള്ളത്.5 വര്‍ഷത്തോളമുള്ള നികുതി കുടിശ്ശികയാണ് ഓരോ സ്ഥാപനങ്ങളും അടയ്ക്കേണ്ടത്.4 ലക്ഷം രൂപയാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിഡ്കോ അടയ്ക്കേണ്ടത്.വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമായി 15 ലക്ഷത്തോളം രൂപ കുടിശികയായിട്ടുണ്ട്.നികുതി പിരിവില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി വന്‍ പുരോഗതിയാണ് നഗരസഭയിലുള്ളത്.