ഇസ്ലാമാകാൻ കാസർകോട്ടുനിന്ന് പോയി കാണാതായ നിമിഷയുടെ അമ്മ പറയുന്നു
ഇനി കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് കനിയേണ്ടത്’; പൊയിനാച്ചി സ്വകാര്യ ദന്തൽ കോളേജിൽ നിന്നാണ് നിമിഷ അപ്രത്യക്ഷയായത്
കൊച്ചി: കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയുടെ അമ്മ. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് നിയമം തീരുമാനിക്കട്ടെയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന നിമിഷയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അമ്മയുടെ പ്രതികരണം.
‘ആദ്യമായിട്ട് കാണുകയായിരുന്നു ഇന്നലെ. അവളുടെ സ്വരവും കേട്ടു. അതില്‍ വലിയ സന്തോഷം. മാര്‍ച്ച് 21ന് എന്റെ ജന്മദിനമാണ്. രണ്ട് മൂന്ന് ദിവസമായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഇത്രയും കാലം സത്യം പറഞ്ഞിട്ടും ഒന്നിനും ഒരു മറുപടി വരാത്തത് എന്താണെന്ന്. മാര്‍ച്ച് 21ന് മുന്‍പോ അതിന്് ശേഷമോ മകളുടെ സ്വരമോ അല്ലെങ്കില്‍ വീഡിയോ ഒന്ന് കാണാന്‍ പറ്റണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അല്ലെങ്കില്‍ എന്റെ ജീവിതം ഇതോടെ തീര്‍ക്കണമെന്നും. എന്നും ഇങ്ങനെ വാവിട്ട് നിലവിളിച്ച് എല്ലാവരുടെയും മുന്നില്‍ വേഷം കെട്ടിക്കുമ്ബോള് എനിക്ക് ശരിക്കും വിഷമമായിരുന്നു’ അമ്മ പറയുന്നു.
‘ ഒരു പെണ്‍കുട്ടിയുടെ ജീവനാണ് ഞാന്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അവള് തെറ്റുകാരിയാണോയെന്നത് നിയമം തീരുമാനിച്ചോട്ടെ. വീട്ടുകാരും നാട്ടുകാരും എന്നെ വല്ലാതെ ഒറ്റപ്പെടത്തി. ഇന്നലെ ആ വിഡിയോ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഉറങ്ങിയിട്ടില്ല. സംസാരം വീണ്ടും വീണ്ടും കേട്ടിരിക്കുയായിരുന്നു. ഇവിടെ വരെ എത്തിയല്ലോ. ഇനി കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കനിയേണ്ടത്. അവരില്‍ നിന്ന് സഹായം കിട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അമ്മയുടെ സ്നേഹം എന്നായാലും ദൈവം തിരിച്ചറിയും’ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന നിമിഷയും സോണിയയും അറിയിച്ചിരുന്നു.ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ പറഞ്ഞിരുന്നു.
കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു. ശ്രീലങ്കവഴിയാണ് ഇവരുൾപ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. നാഗർഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾക്ക് മുമ്പ് ലഭിച്ച വിവരം. . കാസർകോട് നിന്ന് കാണാതായവർക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി.ഡി.എസ്. വിദ്യാർത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്.
ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത് സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് നിമിഷ ഫാത്തിമ നദ്വത്തുൽ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോേളജിലെ സീനിയർ വിദ്യാർത്ഥികളും നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരുമായ ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും. ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ, നിമിഷ ഫാത്തിമ ബുർഖ ധരിച്ചിരുന്നുവെന്ന് അമ്മ ബിന്ദു വെളിപ്പെടുത്തിയിരുന്നു.പ്രായപൂർത്തിയായ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന.