കാഞ്ഞങ്ങാട്: കുണ്ടംകുഴിയിലേക്ക് വൈദ്യുതി തൂണുകളുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോര്‍മറിലിടിച്ച ശേഷം വയലിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ക്ലീനര്‍ മരിച്ചു.ലോറിയിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ലോറി ക്ലീനര്‍ തമിഴ്നാട് പൊള്ളാച്ചി സ്വദേശി മണി (43) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ പെരിയ മൂന്നാംകടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കുണ്ടംകുഴിയിലേക്ക് വൈദ്യുതി തൂണുകളുമായി പോകുകയായിരുന്ന ലോറി മൂന്നാംകടവ് പാലത്തിലേക്ക് കടക്കുന്നതിന് മുമ്പ് സ്ഥിരം അപകടമേഖലയായ ഇറക്കവും വളവും ഒന്നിച്ചുള്ള സ്ഥലത്ത് നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. ഇതിനിടയില്‍ ലോറിയിലുണ്ടായിരുന്ന നൂറോളം ഇലക്ട്രിക് പോസ്റ്റുകളും ചെരിഞ്ഞു. ലോറിക്കും ട്രാന്‍സ്ഫോര്‍മറിനും ഇടയില്‍ കുടുങ്ങിക്കിടന്ന മണിയെ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സ് അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാര്‍ കെ.എസി.ഇ.ബി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അതിനിടെ ഈ വഴി കടന്നുവന്ന ബേഡകത്തെ പൊലീസുകാരന് ഫയര്‍ഫോഴ്സിന് വിവരമറിയിക്കുകയായിരുന്നു. കുറ്റിക്കോലില്‍ നിന്നും കാഞ്ഞങ്ങാട്ട് നിന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെ ലോറിയുടെ കാബിന് വെട്ടിപ്പൊളിച്ചാണ് മണിയെ പുറത്തെടുത്തത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ ശക്തിവേലു, കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റാനുള്ള ശ്രമത്തിനിടെ വടംപൊട്ടി താഴെ വീണ് കുറ്റിക്കോല്‍ ഫയര്‍സ്റ്റേഷനിലെ ലീഡിംഗ് ഫയര്മാന് അച്ചാംതുരുത്തിയിലെ മനോജ് (47), കാഞ്ഞങ്ങാട് ഫയര്‍സ്റ്റേഷനിലെ ഡ്രൈവര്‍ ബങ്കളം സ്വദേശി കെ.എം ലതീഷ് (32) എന്നിവര്‍ക്കും പരിക്കേറ്റു. ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.