ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കൂടാതെ കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നു കേന്ദ്രം നിര്‍ദേശിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കേണ്ടത്. കൂടാതെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് പേരാണ് മരണപ്പെട്ടത്. കര്‍ണാടകത്തിലും ഡല്‍ഹിയിലുമാണ് മരണം നടന്നത്. കൊറോണ ലക്ഷണവുമായി ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി സ്വദേശിയുടേതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കൊറോണ മരണം. മാര്‍ച്ച് 11നാണ് കല്‍ബുര്‍ഗി സ്വദേശി മരണപ്പെട്ടത്.
ഡല്‍ഹി ജനക്പുരി സ്വദേശിനിയായ 69കാരിയുടേതായിരുന്നു രണ്ടാമത്തെ മരണം. ഇവര്‍ മാര്‍ച്ച് 13ന് രാത്രിയാണ് മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 83 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.