കാസർകോട്: ആരോഗ്യവിഭാഗത്തിന്റെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോട് കൂടി ജില്ലയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് ഫലപ്രദമാവാന്‍ ഇനിയും അതീവജാഗ്രത പാലിക്കേണ്ടതുണ്ടെന്നും റവന്യു ഭവന-നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികള്‍ കൈവിട്ടുപോകാതിരിക്കാന്‍ ഉയര്‍ന്ന പൗരബോദധത്തോടെ പ്രവര്‍ത്തിക്കണം. ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതോടൊപ്പം പഞ്ചായത്ത് തലത്തില്‍ വികേന്ദ്രീകരിച്ച് പ്രതിരോധ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. വ്യക്തി നിരീക്ഷണത്തിന് താഴെ തട്ടിലേക്കുള്ള വികേന്ദ്രീകരണം അത്യാവശ്യമാണ്. നിലവില്‍ സംസ്ഥാനത്ത് നിയന്ത്രണവിധേയമായ സാഹചര്യമാണുള്ളത്. ഇത് നിലനിര്‍ത്താനും കൈവിട്ട് പോവാതിരിക്കാനും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ബലപ്രയോഗമല്ല, അവബോധമാണ് സര്‍ക്കാര്‍ ലക്ഷ്യം
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശങ്ങളില്‍ നിന്നും വന്നവരും രോഗലക്ഷണമുള്ളവരും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്ന് ചില പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരക്കാരെ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുന്നതിനേക്കാളുപരി ബോധവല്‍ക്കരണത്തിലൂടെ അവബോധം സൃഷ്ടിച്ച് നിരീക്ഷണ സംവിധാനത്തിലേക്ക് സ്വയം മുന്നോട്ട് വരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഭയപ്പെടുത്താനല്ല മറിച്ച് ജാഗ്രതയോടെ അതിജീവിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീവ്രശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം ഉയര്‍ന്ന പൗരബോധത്തോടെ കാര്യങ്ങള്‍ സ്വയം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഓരോ വ്യക്തിയും തയ്യാറാവണം. ഒന്നിച്ചു നിന്ന് പലപ്രതിസന്ധികളെയും തരണം ചെയ്തത് പോലെ കൊറോണയെന്ന മഹാമാരിയെയും അതിജീവിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടണം
ഒരു ജില്ലാ കേന്ദ്രത്തില്‍ നിന്നും സാഹചര്യം കൈകാര്യം ചെയ്യുന്നതിനേക്കാളുപരി വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ സാധിക്കും. വിദേശത്ത് നിന്നും വരുന്നവരുടെ വിവരങ്ങള്‍ വാര്‍ഡ് മെംബര്‍മാര്‍ക്ക് വേഗത്തില്‍ ലഭിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ കാര്യക്ഷമമായ ഇടപടെലുകള്‍ നടത്താന്‍ സാധിക്കും. ഇതിനായി ജനപ്രതിനിധികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ആരോഗ്യവകുപ്പും സര്‍ക്കാരും എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.
മാസ്ക് എല്ലാവര്ക്കും വേണ്ട
കോവിഡ്-19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി വ്യാപകമായി മാസ്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൊറോണ ബാധയുള്ളവരും രോഗലക്ഷണമുള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രമാണ് മാസ്ക് ഉപയോഗിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. അനിയന്ത്രിതമായി മാസ്ക് വാങ്ങിക്കൂട്ടുന്നതിനാല്‍ അത്യാവശ്യക്കാര്‍ക്ക് മാസ്ക് ലഭിക്കാത്ത സാഹചര്യമുള്ളതായും ഇത് ഒഴിവാക്കാന്‍ പൊതുസമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണം
ജില്ലയിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശ സഞ്ചാരികള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് യോഗം തീരുമാനിച്ചു. ടൂറിസം വകുപ്പുമായി സഹകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ നിരീക്ഷണ വിഭാഗം ഇന്ന് (15) മുതല്‍ വിനോദ സഞ്ചാരികള്‍ താമസിക്കുന്ന ഇടങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന നടത്തും.
കോവിഡ്-19 വൈറസുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 249 പേര് നിരീക്ഷണത്തിലാണെന്ന് ഡി എം ഒ ഇന്‍ചാര്‍ജ് ഡോ. എ വി രാംദാസ് പറഞ്ഞു. ഇതില്‍ പത്ത് പേര് ആശുപത്രികളിലും 239 പേര് വീടുകളിലുമായാണ് ഉള്ളത്. വിദേശത്തു നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്ട്രോള് സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികള്‍ കൂടുതല്‍ ഊര്ജിതപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ സംഘടിപ്പിച്ച യോഗത്തില്‍ എംഎല്‍എമാരായ കെ കുഞ്ഞിരാമന്, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി കമറുദ്ദീന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്, എ ഡി എം എന്‍ ദേവീദാസ്, നീലേശ്വരം നഗരസഭാധ്യക്ഷന്‍ പ്രൊഫ. കെ പി ജയരാജന്, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി വി രമേശന്, കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, ഉപാധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അവലോകന യോഗത്തില്‍ മുന്നോട്ട് വച്ച പ്രധാന നിര്‍ദേശങ്ങള്‍
1. ആളുകള്കൂട്ടമുണ്ടാവാനിടയുള്ള പൊതു-സ്വകാര്യ ചടങ്ങുകള്‍ ഒഴിവാക്കണം. എന്‍ട്രന്‍സ് പരീക്ഷയ്ക്കും മറ്റും ഓണ്‍ലൈന്‍ കോച്ചിങ്ങ് നല്കാന് സ്ഥാപനങ്ങള്‍ തയ്യാറാകണം
2. ഉത്സവങ്ങള്‍ പോലെയുള്ള ആഘോഷപരിപാടികള്‍ ആള്‍ക്കൂട്ടത്തെ ഒഴിവാക്കി ചടങ്ങ് മാത്രമായി സംഘടിപ്പിക്കണം.
3. ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ ആരോഗ്യ പരിരക്ഷ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉറപ്പു വരുത്തണം.
4. പരിസര ശുചിത്വം ഉറപ്പു വരുത്താന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങലുടെ നേതൃത്വത്തില്‍ അടിയന്തിര ശ്രമങ്ങളുണ്ടാവണം. വാര്‍ഡ് തലത്തില്‍ ഹരിത കര്‍മ സേന, ആരോഗ്യസേന എന്നിവയുടെ വിന്യാസമുണ്ടാവണം.
5. വ്യക്തി ശുചിത്വത്തിനായി ആരോഗ്യവകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടാന്‍ ബോധവല്‍ക്കരണം നടത്തണം.
6. ദീര്‍ഘദൂര ബസുകള്‍ വരുന്ന ബസ് സ്റ്റാന്റുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും എയര്പോര്ട്ടിലുള്ളതുപെലുള്ള സംവിധാനം ജില്ലാ ഭരണകൂടം ഉറപ്പു വരുത്തണം.
7. പ്രായമുള്ള ആളുകള്‍ താമസിക്കുന്ന വയോജന കേന്ദ്രങ്ങളില്‍ അടിയന്തര സാഹചര്യത്തിലല്ലാതെ വിദേശത്ത് നിന്നും വന്നവര്‍ സന്ദര്‍ശിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
8. പ്രായമേറിയവര്‍ പാലിക്കേണ്ട ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, മറ്റു വളണ്ടിയര്‍മാരും ഇത് ഗൗരവമായി ഏറ്റെടുത്ത് നടപ്പാക്കണം.
9. ഹോം ഐസോലേഷനില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രത്യേക ജാഗ്രത പുലര്‍ത്തണം.
10. ചെറിയ പനിയോ ആരോഗ്യ പ്രശ്നങ്ങളോ നേരിടുന്നവര്‍ ആ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അിറയിക്കുകയും അവരുടെ നിര്‍ദേശാനുസരണം തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
11. അനാവശ്യമായ പരിഭ്രാന്തി ഉണ്ടാക്കരുത്. രോഗലക്ഷണം കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ യാതൊരു മടിയും കാണിക്കരുതെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കണം.
ടൂറിസം ഹെല്പ് ഡെസ്ക് ആരംഭിച്ചു
കോവിഡ്-19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാനായി തിരുവനന്തപുരത്തെ ടൂറിസം ഡയറക്ടറേറ്റില്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചു. വിവരങ്ങള്‍ക്ക് 9995454696, 9447363538 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.