ബംഗളൂരു: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബംഗളൂരൂ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് പോകുന്നതായി റിപ്പോർട്ട്. മാളുകളും വിദ്യാഭ്യസ സ്ഥാപനങ്ങളും സിനിമശാലകളും പബ്ബുകളും ഒരാഴ്ചത്തേക്ക് അടച്ചതിനെത്തുടർന്നാണ് പ്രതിസന്ധി.
നിരവധി ഐ ടി കമ്പനികൾ ജീവനക്കാർക്ക് ” വർക്ക് ഫ്രം ഹോം” നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതുമാണ് പ്രധാന കാരണം. കൊറോണ ഭീതിയിൽ ബംഗളൂരുവിനെ അപേക്ഷിച്ച് കേരളം സുരക്ഷിതമാണ് എന്നാണ് കൂടുതൽ മലയാളികൾ കരുതുന്നത്. അതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി കേരളത്തിലേക്ക് വരുന്നുണ്ട്.
കുവൈറ്റടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബംഗളൂരുവില്‍ നിന്ന് റോഡ് – ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ദേശീയപാത മണ്ണുത്തിയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ, കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളിലായിരുന്നു പരിശോധന.
എന്നാൽ ബംഗളൂരുവിൽ ഭീതിയുളവാക്കുന്ന സ്ഥിതി ഇല്ലെന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മന്റ് കമ്മിറ്റി കോർഡിനേറ്ററും മലയാളിയുമായ പ്രദീപ് കെ കെ പറഞ്ഞു. മലയാളം മിഷൻ കർണാടക ചാപ്റ്റർ മുൻകൈ എടുത്ത് നോർക്ക, കർണാടക ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി, ബംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനകൾ, കെഎംസിസി, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എന്നിവരെ സംഘടിപ്പിച്ച് കൊറോണ ഹെൽപ് ഡെസ്ക് ആരംഭിച്ചു.
ബംഗളൂരു മലയാളികൾക്ക് കൊറോണ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് 8884840022 ,9535201630 , 8095422444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.