കാസര്‍കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്തര്‍ സംസ്ഥാന യാത്രക്കാരെ നിരീക്ഷിക്കാന്‍ തുടങ്ങി. സംസ്ഥാന അതിര്‍ത്തികളിലും റയില്‍വേ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതോടെയാണ് അന്തര്‍ സംസ്ഥാന യാത്രക്കാരേയും പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന അതിര്‍ത്തികളില്‍ ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും. വടക്കന്‍ മേഖലയില്‍ കൂടുതല്‍ ശക്തമായ നിരീക്ഷണം നടത്തുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന് അറിയിച്ചു.
പഞ്ചായത്തുകളില്‍ ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങി പ്രാദേശിക തലത്തില്‍ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ ചിലര്‍ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. നിരീക്ഷണത്തിനും പരിശോധനക്കുമായി മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനും കാസര്‍കോട് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.