തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജി. ഗോപാലകൃഷ്ണന്.
തിരുവനന്തപുരത്ത് ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.ബ്യൂട്ടി പാര്‍ലറുകള്‍, ജിം തുടങ്ങിയവ അടക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.കൊവിഡ് സ്ഥിരീകരിച്ച വിദേശി താമസിച്ച വര്‍ക്കലയിലെ ഹോട്ടല്‍ അടച്ചുപൂട്ടിയിട്ടുണ്ട്. വര്ക്കലയിലുള്ളവര് അതീവ ജാഗ്രത പാലിക്കണമെന്നും സാമൂഹ്യഅകലം പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
എല്ലാവരും സഹകരിച്ചാല്‍ മാത്രമേ ഇത്തരമൊരു സാഹചര്യത്തെ നേരിടാനാവൂ. വിദേശരാജ്യങ്ങളില്‍ വന്നവര്‍ എല്ലാവരും നിര്‍ബന്ധമായും 28 ദിവസം വീട്ടില്‍ നില്‍ക്കണം. രോഗലക്ഷണം കാണിക്കുന്നവര്‍ പൊതുഗതാഗതസംവിധാനം ഉപയോഗിക്കരുത്.
ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. പലരും വീട്ടിലെ നിരീക്ഷണം പാലിക്കുന്നില്ല. തിരുവനന്തപരത്തെ രോഗി നിരീക്ഷണം പാലിച്ചില്ല. ഇദ്ദേഹം ആശുപത്രിയില്‍ എത്തിയത് ഓട്ടോയിലാണ്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.
ഇതെല്ലാം വെല്ലുവിളി നേരിടുന്ന സാഹചര്യമാണ്. മാത്രമല്ല ഇറ്റലി സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക ഉണ്ടാക്കുക വെല്ലുവിളിയാണെന്നും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണം കണ്ടാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ പറഞ്ഞു.തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.