തിരുവനന്തപുരം: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവിനെ ആത്മഹത്യ ചെയ്തനിലയിൽ വാടക വീട്ടിൽ കണ്ടെത്തി. കഴക്കൂട്ടം കുളത്തൂർ എസ്.എൻ പബ്ലിക് ലൈബ്രറിക്ക് സമീപം തേറമ്മൽ വീട്ടിൽ താമസിക്കുന്ന സുരേഷ് (35), ഭാര്യ സിന്ധു (30), ഇവരുടെ മകൻ ഷാരോൺ (9) എന്നിവരാണ് മരിച്ചത്.ഭാര്യയെയും മകനെയും കഴുത്തിൽ കയർ മുറുക്കി കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സിന്ധുവിന്റെ മൃതദേഹം അടുക്കളയിലും ഷാരോണിന്റേത് കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടത്. കിടപ്പുമുറിയിലെ ജനലിന് സമീപത്തെ തടിയിൽ പ്ലാസ്റ്റിക് ചരടിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബവഴക്കാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പൊലീസ് പറയുന്നത്: കന്യാകുളങ്ങര കൊഞ്ചിറ സിയോൻകുന്ന് തടത്തരികത്ത് വീട്ടിൽ ജോൺസൺ -ഓമന ദമ്പതികളുടെ മകനായ സുരേഷ് ഒരുവർഷം മുൻപാണ് ഭാര്യയും മകനുമൊപ്പം കുളത്തൂരിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. മുൻപ് കന്യാകുളങ്ങരയിൽ ആട്ടോ ഡ്രൈവറായിരുന്ന സുരേഷ് പിന്നീട് ഗൾഫിൽ പോയി ഫെബ്രുവരി 20ന് തിരിച്ചെത്തി. മടങ്ങിപ്പോകുന്നില്ലെന്ന് തീരുമാനിച്ച് രണ്ടാഴ്ച മുമ്പ് ആട്ടോറിക്ഷ വാങ്ങി ഓട്ടം തുടങ്ങി.വ്യാഴാഴ്ച രാത്രി സുരേഷ് വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വാക്കുതർക്കമുണ്ടായി. അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന സിന്ധുവിനെ പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതാകാനാണ് സാദ്ധ്യത. തുടർന്ന് മകൻ ഷാരോണിനെയും അതേ കയർ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലർച്ചെ ആറരയ്ക്ക് സിന്ധുവിന്റെ അനുജത്തിയുടെ ഭർത്താവിന്റെ മൊബൈലിലേക്ക് സുരേഷിന്റെ വോയിസ് കാൾ വന്നു. എട്ടു മണിക്ക് വീട്ടിൽ എത്തണമെന്നായിരുന്നു സന്ദേശം. പിന്നീട് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.രാവിലെ മെസേജ് ശ്രദ്ധയിൽപ്പെട്ട അനുജത്തിയുടെ ഭർത്താവ് പലവട്ടം തിരികെ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടർന്ന് സിന്ധുവിന്റെ അമ്മ പതിനൊന്നു മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് സുരേഷ് തൂങ്ങി നിൽക്കുന്നത് കണ്ടത്. കതക് തുറന്നിട്ടിരിക്കുകയായിരുന്നു. അവർ ഉടനെ നാട്ടുകാരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് സിന്ധുവിന്റെയും ഷാരോണിന്റെയും മൃതദേഹം കണ്ടത്.കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം നടത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്നും അന്വേഷണം ആരംഭിച്ചതായും കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ആർ. അനിൽകുമാർ പറഞ്ഞു.പട്ടത്തെ ഒക്സൽ സൂപ്പർ ഷോപ്പിയിൽ ജീവനക്കാരിയായിരുന്നു സിന്ധു. കുളത്തൂർ മൺവിള കുന്നുംപുറത്ത് ബാലൻ – സുന്ദരി ദമ്പതികളുടെ മകളാണ്. കാര്യവട്ടം സി.എസ്.ഐ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാരോൺ. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.