കൊച്ചി: ഇറ്റലിയില്‍ കുടുങ്ങിയ പതിമൂന്നുപേര്‍ നെടുമ്പാശ്ശേരിയിലെത്തി. ദുബായ് വഴിയുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ആദ്യസംഘം എത്തിയത്. ഇവരെ ആരോഗ്യവകുപ്പ് വീടുകളില്‍ എത്തിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
മിലാനിൽ നിന്നുള്ളവരെ കൊണ്ടുവരാനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഉച്ചയോടെ തിരിക്കും. വിമാനത്താവളങ്ങളിൽ ഉള്ള 250 പേരേയും നാട്ടിലെത്തിക്കാനാണ് ശ്രമം. ആദ്യപരിഗണന വിദ്യർഥികൾക്കാണ്.
കണ്ണൂരിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഏഴുപേരെയും നാട്ടിലെത്തിച്ചു. അർധരാത്രിയോടെ കരിപ്പൂരിലെത്തിയ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. കൊവിഡ് രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം താമസിച്ചിരുന്ന മറ്റ് അഞ്ചുപേർ നേരത്തെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയരുന്നു.
കൊവിഡ് രോഗി നേരിട്ട് ഇടപഴകിയ 15 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പർക്കപ്പട്ടിക ഉണ്ടാക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്ന് മന്ത്രി ഇപി ജയരാജന്റെ അധ്യക്ഷതയിൽ കണ്ണൂരിൽ യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യും. കണ്ണൂരിൽ ഇതുവരെ 30 പേർ ആശുപത്രികളിലും 200പേർ വീടുകളിലും നിരീക്ഷണത്തിലാണ്. പരിയാരത്ത് രണ്ട് ഐസോലേഷൻ വാർഡുകൾ കൂടി തുറന്നിട്ടുണ്ട്.