തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനും കത്തു നല്കി. ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസിന് സീറ്റ് നല്‍കണമെന്നായിരുന്നു അഭ്യര്‍ഥന.
കൊച്ചി : കുട്ടനാട് സീറ്റില്‍ ഇടതുസ്ഥാനാര്‍ഥിയായി എന്‍.സി.പി. തോമസ് കെ. തോമസിനെ മത്സരിപ്പിക്കുമെന്ന് ഉറപ്പായി. എന്‍.സി.പി. കേന്ദ്രനേതൃത്വം തോമസിനെ സ്ഥാനാര്‍ഥിയാക്കാനാണ് താത്പര്യം കാട്ടിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സലിം പി. മാത്യുവിന്റെയും തോമസ് കെ. തോമസിന്റെയും പേരുകളാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാബരന്‍ മാസ്റ്റര്‍ കഴിഞ്ഞദിവസം ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ കണ്ടത്.
കുട്ടനാട് സീറ്റ് തോമസിന് കൊടുക്കാന്‍ ഏകപക്ഷീയമായി നീക്കങ്ങള്‍ നടക്കുന്നുവെന്ന ആരോപണം എന്‍.സി.പി.യില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായി. അഞ്ച് പേരുകള്‍ സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയര്‍ന്നുവന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്ററും മന്ത്രി എ.കെ. ശശീന്ദ്രനും മാണി സി. കാപ്പന് എം.എല്‍.എ.യും അടങ്ങുന്ന സമിതിയാണ് സ്ഥാനാര്‍ഥികളുടെ പാനലിന് അന്തിമരൂപം നല്‍കിയത്.
സീറ്റിനുവേണ്ടി സിറ്റിങ് എം.എല്‍.എ.യും എന്‍.സി.പി. സംസ്ഥാന പ്രസിഡന്റുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ കുടുംബം നേരത്തേതന്നെ രംഗത്തുവന്നിരുന്നു. തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനും കത്തു നല്കി. ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസിന് സീറ്റ് നല്‍കണമെന്നായിരുന്നു അഭ്യര്‍ഥന. തോമസ് കെ. തോമസ് പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന പരാതിയാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ചത്. പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സലിം പി. മാത്യുവിന് അവസരം നല്‍കണമെന്നായിരുന്നു മറുചേരിയുടെ ആവശ്യം.
തോമസ് കെ. തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ കുട്ടനാട് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. തോമസ് ചാണ്ടിയുടെ സഹോദരന് എന്നനിലയില്‍ തോമസ് മണ്ഡലത്തില്‍ സുപരിചിതനാണെന്നും അവര്‍ പറയുന്നു.