തിരുവനന്തപുരം:കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്ന് കണ്ടെത്തി. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൂവരും ഒന്നിച്ച് എത്തിയതെന്ന് കരുതുന്ന ഇരുചക്ര വാഹനം സംഭവ സ്ഥലത്തിനു സമീപത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ടുപേരും തിരയില്‍ പെട്ടത്താകാമെന്ന സംശയത്തിലാണ് തിരച്ചില്‍ തുടരുന്നത്.
കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്-ഇന്ദു ദമ്പതികളുടെ മകള്‍ നിഷ(20)യുടെ മൃതദേഹമാണ് കോസ്റ്റല്‍ പോലീസ് സംഘം കണ്ടെടുത്തത്. സമീപവാസികളായ ഷാരു ഷമ്മി(17), ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഡിഗ്രി വിദ്യാര്‍ത്ഥിനികളാണ് ശരണ്യയും നിഷയും.കോട്ടുകാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഷാരു ഷമ്മി.
നിഷയുടെ സ്കൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയും ശരണ്യ, ഷാരു എന്നിവരുടെ ചെരിപ്പുകളും ബാഗുകളും തൊപ്പികളും തീരത്തു നിന്ന് പോലീസ് കണ്ടെടടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് വിദ്യാര്‍ത്ഥിനികള്‍ സ്കൂട്ടറില്‍ അടിമലത്തുറ കടലത്തീരത്തേക്ക് പോയതെന്നാണ് വീട്ടുകാര്‍ പോലീസിനു നല്കുന്ന വിവരം. വൈകിട്ടോടെ ഇവര്‍ തിരിച്ചു എത്താത്തതിനെ തുടര്‍ന്ന് നിഷയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീടാണ് നിഷയുടെ മൃതദേഹം അടിമലത്തുറ കടപ്പുറത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്.