തിരുവനന്തപുരം: നാടക കമ്പനിയുടെ വാഹനത്തിന് 24000 രൂപ പിഴ ചുമത്തിയിട്ടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. നിയമസഭയിലാണ് മന്ത്രിയുടെ മറുപടി. വെറും 500 രൂപ മാത്രമാണ് പിഴ ചുമത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്ത തെറ്റാണെന്നും മന്ത്രി വിശദീകരിച്ചു. പിഴ ചുമത്തിയത് വണ്ടിയുടെ ഡ്രൈവര്‍ യൂണിഫോം ധരിച്ചില്ലെന്ന കുറ്റത്തിനാണെന്നും മന്ത്രി വിശദീകരിച്ചു.
പരസ്യ ബോർഡിന്റെ വലുപ്പം 24000 ചതുരശ്ര സെന്റിമീറ്റർ എന്ന് എഴുതിയതാണ് പിഴ എന്ന് തെറ്റായി പ്രചരിച്ചത്. തെറ്റായ വാർത്ത പ്രചരിച്ചിട്ടും തിരുത്താത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
വാഹനത്തില്‍ ബോര്‍ഡ് വച്ചതിന് ആലുവ അശ്വതി തീയേറ്റേഴ്സിന് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപ പിഴ ഇട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. പിന്നാലെ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരുന്നു. വാഹനത്തിൽ ട്രൂപ്പിന്റെ ബോഡ് വയ്ക്കാൻ ഒരു വര്‍ഷത്തേക്ക് 4800 രൂപ ഫീസ് ഈടാക്കിയതാണ് തെറ്റായി വ്യാഖ്യാനിച്ചതെന്നായിരുന്നു വിശദീകരണം.
ചാവക്കാട് കല്ലുങ്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ‘കുഞ്ഞനന്തന്റെ കുഞ്ഞുലോകം’ എന്ന നാടകം അവതരിപ്പിക്കാൻ പോയതായിരുന്നു ആലുവയിലെ അശ്വതി തീയേറ്റേഴ്സ് സംഘം. ഏങ്ങണ്ടിയൂരിന് സമീപം മോട്ടോര്‍ വാഹന വകുപ്പ് കൈകാണിച്ചു. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ഷീബ വാഹനത്തിന് ആദ്യം 500 രൂപ പിഴ ചുമത്തി.
വാഹനത്തിന് മുകളിലുണ്ടായിരുന്ന ബോര്‍ഡ് ഇത്തരത്തില്‍ ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണമെന്നും അഴിഞ്ഞുവീണ് അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ നാടകസംഘം എതിര്‍പ്പുയര്‍ത്തി. ഇതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് അളന്നു. 24000 സ്ക്വയര്‍ സെന്റീമീറ്റര്‍ ഉണ്ടെന്നും 4800 രൂപ അടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ നാടക സംഘത്തെകൊണ്ട് 24000 രൂപ ഫൈൻ ഈടാക്കിയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. 26000 രൂപ മാത്രം പ്രതിഫലം വാങ്ങുന്ന നാടക സംഘത്തെക്കൊണ്ട് 24000 രൂപ പിഴ അടപ്പിക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.