തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭരണപരാജയം പ്രതിപക്ഷം തുറന്നുകാട്ടുമെന്ന ഭയം കൊണ്ടാണ് നിയമസഭാ സമ്മേളനം ഉപേക്ഷിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇപ്പോള്‍ നടക്കുന്ന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിലാണ് വകുപ്പ് തിരിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. സഭയില്‍ വിശദമായി ചര്‍ച്ച നടക്കുമ്പോള്‍ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമെല്ലാം പ്രതിപക്ഷം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും.
സര്‍ക്കാരിന്റെ പ്രതിച്ഛായ തീര്‍ത്തും നഷ്ടപ്പെടുമെന്ന് പേടിച്ചാണ് സഭാസമ്മേളനം ഉപേക്ഷിച്ചത്. സുപ്രധാനമായ ബജറ്റ് സമ്മേളനമാണ് ഇപ്പോള്‍ വേണ്ടെന്നു വച്ചത്. സഭ വെട്ടിച്ചുരുക്കിയ ശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിന്നീട് സഭ ചേര്‍ന്ന് പൂര്‍ണ്ണബജറ്റ് പാസാക്കുന്നതിനെ കുറിച്ച് സര്‍ക്കാരിന് ആലോചിക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തില്‍ കൊവിഡ് 19 കടന്നുവരാനുള്ള അന്തരീക്ഷം ഒരുക്കിയത് പിണറായി സര്‍ക്കാരിന്റെ അക്ഷന്ത്യവ്യമായ വീഴ്ചകൊണ്ടാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വൈദ്യുതി മന്ത്രിയുടെ പിടിപ്പുകേടിനെ തുടര്‍ന്ന് ഡാമുകള്‍ ഒന്നിച്ചു തുറന്നുവിട്ടപ്പോഴാണ് മഹാപ്രളയം ഉണ്ടായത്. ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടു കൊണ്ടുമാത്രമാണ് കേരളത്തെ പിടിച്ചുകുലുക്കിയ കൊവിഡ് 19 മാരകരോഗം കടന്നുവന്നത്.
ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് തന്നെ നിര്‍ദ്ദേശം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവരും വരെ ഈ അറിയിപ്പ് തങ്ങള്‍ക്ക് വൈകിയാണ് ലഭിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉരുവിട്ടുകൊണ്ടിരുന്നത്. 26ലെ അറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായിയെടുത്തില്ല. 29നാണ് റാന്നിയിലെ മലയാളി കുടുംബം ഇറ്റലിയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ ഇറങ്ങി വീട്ടില്‍ പോയത്.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കര്‍ശന സംവിധാനം 26ന് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കൊറോണ കേരളത്തില്‍ കടന്നുവരില്ലായിരുന്നു. ഓഖി സമയത്തും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇതുപോലെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇറ്റലിയില്‍ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയുടെ കാര്യത്തിലും ഗുരുതരമായ വീഴ്ചയുണ്ടായി.
ഇദ്ദേഹത്തിന് രോഗമില്ലെന്ന് ഉറപ്പാക്കും വരെ കര്‍ശനമായ നിരീക്ഷണത്തില്‍ വയ്ക്കുന്നതിന് പകരം പെട്ടന്ന് പോകാന്‍ അനുവദിക്കുകയാണ് ചെയ്തത്. ഒരാഴ്ചയോളം കഴിഞ്ഞ് രോഗമുണ്ടെന്ന് പ്രാഥമിക നിഗമനം ലഭിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതെന്നു മുല്ലപ്പള്ളി പറഞ്ഞു.