കാസര്‍കോട്: കൊറോണ ഭീതിയെ തുടര്‍ന്ന് മുംബൈയിലെ ആസ്പത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ട കുമ്പള സ്വദേശി മരണത്തിന് കീഴടങ്ങി. കുമ്പള കോയിപ്പാടി കൃഷ്ണ നഗര്‍ സായിനിവാസില് ശ്രീധര കൊറഗയുടെ മകന് സുജിത് കുമാര്‍ (35) ആണ് മരിച്ചത്. മുംബൈ നയ്ഗാവ് ഈസ്റ്റില്‍ കെട്ടിട നിര്‍മ്മാണ ഉപകരാര്‍ ജോലി ചെയ്തു വരികയായിരുന്ന സുജിത് സുഹൃത്തിനും ഭാര്യാ സഹോദരന് സുനില്‍ കുമാറിനുമൊപ്പം വ്യാഴാഴ്ച്ച രാവിലെ ജോലിക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണത്. സമീപത്തെ ഡോക്ടറെ കാണിച്ചപ്പോള്‍ സ്വകാര്യാസ്പത്രിയിലെത്തിക്കാനാണ് നിര്‍ദ്ദേശിച്ചത്. ഓട്ടോയില്‍ ആസ്പത്രിക്ക് മുന്നിലെത്തിച്ചെങ്കിലും പ്രവേശനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കാമണ്‍ഗാവിലെ സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ കിട്ടിയില്ല. സുജിത് കുമാറിനെയും കൊണ്ട് ബന്ധുവും സുഹൃത്തും മൂന്നര മണിക്കൂറാണ് ഓട്ടോയില്‍ അലഞ്ഞത്. നയ്ഗാവ് ഈസ്റ്റ് സമാജം പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാമണ്ഗാവില് ജില്ലാകോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും മലയാളിയും കാസർകോട് മേൽപ്പറമ്പ് ചാത്തങ്കൈ സ്വദേശിയുമായ മുഹമ്മദ് അഷ്റഫ് എത്തിയപ്പോള്‍ ഓട്ടോയില്‍ രണ്ട് യുവാക്കളുടെ മടിയില്‍ തണുത്ത് മരവിച്ച നിലയില്‍ സുജിത് കുമാറിനെ കണ്ടെത്തുകയായിരുന്നു. അഷ്റഫാണ് പൊലീസിനെ വിവരമറിയിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുമിത്ര.