കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവഡോക്ടര്‍ വി.വി സുഭാഷ് കുമാര്‍ കോഴിക്കോട് താമരശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താത്ത പൊലീസിനെതിരെ പരാതിയുയര്‍ന്നതോടെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടപെട്ടു. ഇതോടെ അന്വേഷണം നടത്തിയ താമരശ്ശേരി പൊലീസ് പ്രതിയായ ടിപ്പര്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഉണ്ണികുളം സ്വദേശി ബനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥി കുശാല്‍നഗര്‍ ലക്ഷ്മീഹൗസില് വി.വി. സുഭാഷ് കുമാര്‍ (26) ഒരാഴ്ച്ച മുമ്പാണ്അപകടത്തില് മരിച്ചത്.അപകടം വരുത്തിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ അന്വേഷണവും നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് പൊലീസിനെതിരെ ബന്ധുക്കള്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനോട് പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം റവന്യൂ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. മാര്‍ച്ച് ആറിന് ഉച്ചക്ക് രണ്ട് മണിയോടെ താമരശ്ശേരി കൂടത്തായി മേല്‍പ്പാലത്തിന് മുകളിലുണ്ടായ അപകടത്തിലാണ് കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്ത്തകന് കരിന്തളം സുകുമാരന്റെ മകനായ ഡോക്ടര്‍ വി.വി സുഭാഷ് കുമാര്‍ മരിച്ചത്. അമിതവേഗതയിലെത്തിയ ടിപ്പര്‍ലോറി സുഭാഷ്കുമാര്‍ ഓടിച്ചുപോകുകയായിരുന്ന ബൈക്കിലിടിച്ചായിരുന്നു അപകടം. സംഭവം നടന്ന് ഒരാഴ്ച്ചകഴിഞ്ഞിട്ടും താമരശ്ശേരി പൊലീസ് അന്വേഷണം നടത്താത്തതിനെ തുടര്‍ന്ന് സുഭാഷിന്റെ സഹോദരന് ഡോ.സുശോഭ്, അമ്മാവന് വി.വി അശോക് കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ സന്തോഷ് കുശാല്‍ നഗര്‍, പി.എം.പ്രതാപ്, ടി. ജ്യോതിഷ് എന്നിവരടങ്ങിയ സംഘം താമരശേരി പൊലീസ് സ്റ്റേഷനിലെത്തി. വിവരം തിരക്കിയപ്പോള്‍ സുഭാഷ് സഞ്ചരിച്ച ബൈക്ക് ആദ്യം പാലത്തില്‍ ഇടിച്ച ശേഷം ടിപ്പറില്‍ തട്ടിയെന്നായിരുന്നു പൊലീസിന്റെ മറുപടി. എന്നാല്‍ സംഭവം കണ്ട ദൃക്സാക്ഷികള്‍ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറിയിടിച്ചാണ് സുഭാഷ് മരിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം മറച്ചുവെച്ച് പൊലീസ് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ലോറിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിയതോടെ ക്വാറി മാഫിയയുടേതാണ് ഈ വാഹനമെന്ന് വ്യക്തമായി. ഇതോടെ പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന് ബോധ്യപ്പെട്ട ബന്ധുക്കള്‍ മന്ത്രി ഇ. ചന്ദ്രശേഖരനെ വിവരമറിച്ചു. മന്ത്രി ഉടന്‍ തന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രി നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.