ബെജിങ്: ലോകരാജ്യങ്ങളില്‍ ഭീതിപരത്തിക്കൊണ്ട് പടര്‍ന്നുപിടിക്കുകയും നാലായിരത്തിലധികം പേരുടെ ജീവന് കവര്‍ന്നെടുക്കുകയും ചെയ്ത കൊറോണ വൈറസ് ബാധയ്ക്ക് പിന്നില്‍ അമേരിക്കയെന്ന് വ്യക്തമാക്കി ചൈന. ഈ മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനയില്‍ പരത്തിയത് അമേരിക്കന്‍ സൈന്യമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാങ് ആരോപിച്ചു.
ട്വിറ്ററിലൂടെയായിരുന്നു അമേരിക്കയ്ക്കെതിരെയുള്ള സാവോ ലിജിയാന്റെ ആരോപണം. കൊറോണ വൈറസ് അമേരിക്കന്‍ ഗൂഢാലോചനയാണെന്ന വാദം ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലിജിയാങ് ഇത്തരമൊരു പരാമര്‍ശം.
അതേസമയം, ആരോപണത്തിന് തെളിവുകളൊന്നും ഹാജരാക്കാന്‍ ലിജിയാങ് തയ്യാറായില്ല. അമേരിക്കന്‍ ഡിസീസ് കണ്ട്രോള് സെന്റര്‍ മേധാവി അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്ബാകെ നടത്തിയ പ്രസ്താവനയും സാവോ ലിജിയാങ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വുഹാനിലെ മൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റാണ് രോഗത്തിന്റെ ഉത്ഭവമെന്നായിരുന്നു ചൈനയിലെ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വൈറസിന്റെ ഉത്ഭവം രാജ്യത്തിന് പുറത്താണെന്നാണ് ഇപ്പോള്‍ ചൈനീസ് അധികൃതര്‍ പറയുന്നത്. 4000ത്തില്‍ അധികം പേരാണ് കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചത്.