ന്യൂഡല്‍ഹി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി സൂചന. ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചെന്നെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം 29നാണ് ഐപിഎല്‍ പതിമൂന്നാം പതിപ്പ് തുടങ്ങാനിരുന്നത്. അത് ഏപ്രില്‍ പതിനഞ്ചിലേക്കാണ് മാറ്റിവച്ചത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശികള്‍ക്കുള്ള വിസകള്‍, അവശ്യഘട്ടത്തില്‍ ഒഴികെയുള്ളത് ഏപ്രില്‍ 15 വരെ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഐപിഎല്ലില്‍ വിദേശ കളിക്കാരുടെ പങ്കാളിത്തം സംശയത്തിലായി. ഇതിനു പിന്നാലെ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനുള്ള തടസവും പരിഗണിച്ചാണ് മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഐപിഎല്ലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ചേരുന്നത് നാളെയാണ്. ഫ്രാഞ്ചൈസികളെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.