തിരുവനന്തപുരം: ഇരയുടെ കൂടെ ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യരുതെന്ന് പ്രതിപക്ഷത്തോട് ആരോഗ്യമന്ത്രി കെ കെ ശൈലജ. പഴുതടച്ച നടപടികളാണ് എടുത്തിരിക്കുന്നതെന്നും, എന്നാൽ എല്ലാ പഴുതുകളും അടയ്ക്കാൻ പ്രതിപക്ഷത്തിന്റെ സഹകരണം കൂടി വേണമെന്നും അടിയന്തര പ്രമേയ ചർച്ചയിൽ ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
വളരെ മികച്ച നിരീക്ഷണമുള്ള യുകെയും യുഎസുമെല്ലാം രോഗത്തിന്റെ പിടിയിലാണെന്നത് ഭീതിയോടെ തന്നെയാണ് കേരളം കാണുന്നത്. ഏറ്റവും ഉന്നത നിലവാരമുള്ള സ്കാന്ഡിനേവിയൻ രാജ്യത്തിന്റെ ഭരണാധികാരി തന്നെ പറഞ്ഞിരിക്കുന്നു വൈറസ് നിയന്ത്രിക്കാനാകാത്ത വിധത്തിൽ മുന്നോട്ടുപോവുകയാണെന്ന്. ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ കഴിയാത്തതുകൊണ്ട് ഭീകരത പൂർണമായും പുറത്തുപറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയില്നിന്നുള്ളവരെ നിരീക്ഷിക്കാന്‍ ഫെബ്രിവരി 26ന് കേന്ദ്ര സര്‍ക്കുലര്‍ ഉണ്ടായിരുന്നെന്ന പ്രതിപക്ഷത്തിന്റെ വാദം ആരോഗ്യമന്ത്രി തള്ളി. നിര്‍ബന്ധമായും ഫോം പൂരിപ്പിച്ചുവാങ്ങാന്‍ അന്ന് നിര്‍ദേശമുണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ പറയുന്നതു വിശ്വസിക്കുകയേ വഴിയുള്ളൂ. മാര്‍ച്ച് നാലിനാണ് ഫോം പൂരിപ്പിച്ചുനല്‍കണമെന്ന നിര്‍ദേശം വന്നത്.- ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാധാരണ പനിയും കൊറോണയുമായി ബന്ധപ്പെട്ട പനിയും ഏതെന്ന് കണ്ടുപിടിക്കാന്‍ എളുപ്പമല്ലെന്നാണ് താന്‍ മനസിലാക്കുന്നത്. പെട്ടെന്ന് മനസിലാക്കി മാറ്റിനിര്‍ത്തണമെന്ന എംകെ മുനീറിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ആരോഗ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഡോക്ടറായതുകൊണ്ട് മുനീറിന് പെട്ടെന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കുന്നതുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും കെകെ ശൈലജ പറഞ്ഞു. ലോകത്തൊരിടത്തും ഈ മഹാമാരി നേരിടുന്നതില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കമുണ്ടായിട്ടില്ല.
ഏറ്റവും നല്ല സാങ്കേതികവിദ്യയുള്ള ചൈനയിലാണ് കൂട്ടത്തോടെ ആളുകള്‍ മരിച്ചത്. അമേരിക്കയില്‍ 30 ലേറെയായി മരണം എന്ന് തോന്നുന്നു. എല്ലാ ശക്തിയുമെടുത്ത് പ്രയോഗിച്ചാലും ചെറിയ പഴുതുണ്ടാകും. അതേസമയം, വഴിയിലൂടെ അന്വേഷിച്ച് എന്തെങ്കിലും കുറ്റപ്പെടുത്താനായുണ്ടോ എന്ന് കണ്ടുപിടിച്ച് ആക്രമിക്കുന്നത് ശരിയല്ല,അതിന് പിന്നീട് അവസരമുണ്ട്. ഈ പ്രശ്നത്തിന്റെ ഗൗരവം പ്രതിപക്ഷം മനസിലാക്കണം. ഒന്നാം ഘട്ടം വളരെ സമര്‍ഥമായി നമ്മള് വിജയിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ നിന്ന് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ ഹെല്പ് ഡെസ്ക് ഉണ്ടെന്നും ഹോം ക്വാറന്റൈനില്‍ പോകണമെന്നുമുള്ള അനൗണ്‍സ്മെന്റ് വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു.അതേസമയം, ഇറ്റലിയില്‍ നിന്നെത്തി റിപ്പോര്‍ട്ട് ചെയ്യാത്ത കുടുംബത്തെ താന്‍ കുറ്റപ്പെടിത്തിയില്ലെന്നും എന്നാല്‍ അവര്‍ മനപൂര്‍വ്വം അസുഖം മറച്ചുവച്ചുവെന്നും മന്ത്രി പറഞ്ഞു.
പതിനായിരക്കണക്കിനാളുകളാണ് ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചുപോരാനൊരുങ്ങുന്നത്. ഫെബ്രുവരി 24 മുതല്‍ നാല് ഡോക്ടര്‍മാരും 27 മുതല്‍ ഏഴ് ഡോക്ടര്‍മാരും, മാര്‍ച്ച് 3 മുതല്‍ 13 ഡോക്ടര്‍മാരും, 15 പാരാമെഡിക്കല്‍ സ്റ്റാഫും നെടുമ്ബാശേരി എയര്‍പോര്‍ട്ടില്‍ നിയമിതരായിരുന്നു. ഡോക്ടര്‍മാരില്ലെന്ന പ്രതിപക്ഷ പ്രചരണത്തിന് മന്ത്രി മറുപടി നല്കി. ഒരു ഹോട്ടലിന്റെ പേര് മാറിപ്പോയത് പോലും പ്രതിപക്ഷം വലിയ ആരോപണമാക്കുന്നു. എന്നാല്‍ ആ സ്ഥലമെല്ലാം കൃത്യമായി തന്നെ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.
എത്ര വൈകിയാലും തൃശൂരില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമായിട്ട് മാത്രമെ പത്രങ്ങള്‍ അച്ചടിക്കു എന്ന് കേരളത്തിലെ പത്രങ്ങളെല്ലാം ഒരുപോലെ പറഞ്ഞു. വളരെ സഹായകരമായിരുന്നു ഇക്കാര്യം. എല്ലായിടത്തും നിരീക്ഷണ സംവിധാനം നമ്മള് ശക്തമാക്കിയിട്ടുണ്ട്. ആളുകളുടെ സഹകരണം നല്ല നിലയില്‍ ഉണ്ടായാലെ കാര്യങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകാനാകു. പ്രതിപക്ഷം ദയവായി പരിഹസിക്കരുതെന്നും മന്ത്രി പറഞ്ഞു.