കോഴിക്കോട്: കൊവിഡ് 19 സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി രാമനാട്ടുകര മലബാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായി കോഴിക്കോട് ജില്ലാ കളക്ടര്‍. ഇയാള്‍ മാര്‍ച്ച് 5 ന് രാത്രി 9.30 നും 10 നും ഇടയിലാണ് ഹോട്ടലിലെത്തിയത്.ഈ സമയത്ത് ഹോട്ടലിലുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്ട്രോള് റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് കളക്ടര്‍ പറഞ്ഞു.
ഇദ്ദേഹത്തിന്റെ ഭാര്യ, അമ്മ, എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്ന വഴി സഞ്ചരിച്ച ടാക്സി ഡ്രൈവര്‍, കുടുംബം തുടങ്ങിയവര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവരുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ദുബായില്‍ ടാക്സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച് മൂന്നിന് പനിയും തൊണ്ടവേദയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. മാര്‍ച്ച് അഞ്ചിന് രാത്രി 9ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് ഇറങ്ങിയത്.ടാക്സിയില്‍ കുടുംബത്തോടൊപ്പം കണ്ണൂരിലേക്ക് വരുന്നവഴിയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ മാര്‍ച്ച് 12നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച്ചയാണ് കണ്ണൂരിലും തൃശൂരിലും പുതുതായി രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഖത്തറില്‍ നിന്നു വന്ന തൃശൂര്‍ സ്വദേശി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 16 ആയി. കേരളത്തില്‍ ഇപ്പോല്‍ 4180 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 270 പേര് ആശുപത്രിയിലാണ്.
https://www.facebook.com/CollectorKKD/posts/2588003348103096